ആലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചതില് കോണ്ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന് ഉണ്ണിത്താന് കുറ്റക്കാരനല്ലെന്ന് കോടതി. കെ പി ശശികല നല്കിയ അപകീര്ത്തി കേസ് തള്ളിയാണ് ചേര്ത്തല ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി. കേസ് തെളിയിക്കാന് ആവശ്യമായ തെളിവുകള് ഹാജരാക്കാനും നിയമപരമായ നടപടിക്രമങ്ങള് പാലിക്കാനും കെ പി ശശികലയ്ക്ക് കഴിഞ്ഞില്ലെന്നും വിധിന്യായത്തില് വിചാരണക്കോടതി നിരീക്ഷിച്ചു.
മനോരമ ചാനലിലെ സംവാദ പരിപാടിക്കിടെ 2017 ഒക്ടോബര് രണ്ടിനായിരുന്നു രാജ്മോഹന് ഉണ്ണിത്താന്റെ പരാമര്ശം. ഇന്ത്യന് ശിക്ഷാനിയമം 499, 500 വകുപ്പുകള് അനുസരിച്ച് അപകീര്ത്തി കേസില് ശിക്ഷിക്കണമെന്ന കെ പി ശശികലയുടെ ആവശ്യമാണ് ചേര്ത്തല മജിസ്ട്രേറ്റ് കോടതി തള്ളിയത്. സാധ്യതകളുടെ അടിസ്ഥാനത്തില് മാത്രം രാജ്മോഹന് ഉണ്ണിത്താനെ കുറ്റക്കാരനെന്ന് വിധിക്കാനാവില്ലെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയില് വ്യക്തമാക്കുന്നത്.
കേവല വിമര്ശത്തിനപ്പുറം രാജ്മോഹന് ഉണ്ണിത്താന്റേത് വ്യക്തി അധിക്ഷേപ പരാമര്ശമാണ് എന്ന് തെളിയിക്കാന് കെ പി ശശികലയ്ക്ക് കഴിഞ്ഞില്ലെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. ആക്ഷേപത്തെ രാജ്മോഹന് ഉണ്ണിത്താനുമായി ബന്ധിപ്പിക്കാന് പരാതിക്കാരിക്ക് കഴിഞ്ഞില്ല. പൊതുമധ്യത്തില് സംപ്രേഷണം ചെയ്യപ്പെട്ടുവെന്നതിന് മതിയായ തെളിവുകള് ഹാജരാക്കാനും കെ പി ശശികലയ്ക്കായില്ല. വ്യക്തിഹത്യ നടത്തണമെന്ന ഉദ്ദേശമില്ലാതെയുള്ള പരാമര്ശം കുറ്റക്കാരനെന്ന് കണ്ടെത്താന് മതിയായതല്ല. രാജ്മോഹന് ഉണ്ണിത്താന്റെ വാദങ്ങള്ക്കെതിരെ മതിയായ മറുവാദം ഉന്നയിക്കാന് കെ പി ശശികലയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് മജിസ്ട്രേറ്റ് ഷെറിന് കെ ജോര്ജ്ജിന്റെ നിരീക്ഷണം.
ജന്മഭൂമി ലേഖകയെയും ആര്എസ്എസ് പ്രവര്ത്തകരെയുമാണ് സാക്ഷികളായി കെ പി ശശികല കോടതിയില് ഹാജരാക്കിയത്. എന്നാല് ഇവരുടെ സാക്ഷിമൊഴി വിശ്വാസത്തിൽ എടുക്കാനാവില്ലെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. സാക്ഷികളായി ഹാജരാക്കിയവര് പരാതിക്കാരിയുടെ രാഷ്ട്രീയ ആശയം പിന്തുടരുന്നവരും ആശയമപരമായി ഒപ്പം നില്ക്കുന്നവരുമാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യം കെ പി ശശികല തന്നെ കോടതിയില് സാക്ഷി വിസ്താരത്തിനിടെ അംഗീകരിച്ചതും തിരിച്ചടിയായി.
രാജ്മോഹന് ഉണ്ണിത്താന്റെ പരാമര്ശം കോടതിക്ക് മുന്നില് ശരിവെയ്ക്കാന് സംവാദ പരിപാടിയുടെ അവതാരകനും തയ്യാറായില്ല. ഇക്കാര്യത്തില് വ്യക്തതയില്ലെന്നായിരുന്നു അവതാരകന്റെ സാക്ഷി മൊഴി. ഇതും കോടതിയില് കെ പി ശശികലയുടെ വാദങ്ങളെ ദുര്ബ്ബലമാക്കി. തെളിവായി കെ പി ശശികല ആകെ ഹാജരാക്കിയത് ആദ്യം അയച്ച വക്കീല് നോട്ടീസ് മാത്രമാണ്. ഇത് കെ പി ശശികലയുടെ ആക്ഷേപങ്ങളും അവകാശവാദവും മാത്രമാണെന്നും വക്കീല് നോട്ടീസ് പ്രാഥമിക തെളിവായി സ്വീകരിക്കാനാവില്ലെന്നും ചേര്ത്തല മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
ചാനല് ചര്ച്ചയുടെ സാക്ഷ്യപ്പെടുത്തിയ ദൃശ്യങ്ങള് ഹാജരാക്കാന് കെ പി ശശികലയ്ക്ക് കഴിഞ്ഞില്ല. ചര്ച്ചയുടെ സംക്ഷിപ്ത രൂപമോ, സംപ്രേഷണം ചെയ്യപ്പെട്ടതിന്റെ രേഖകളോ ഹാജരാക്കാനോ, പരാമര്ശത്തിന്റെ യഥാര്ത്ഥ സാഹചര്യം വിശദീകരിക്കാനോ കെ പി ശശികലയ്ക്ക് കഴിഞ്ഞില്ല. കേന്ദ്ര ഇന്ഫര്മേഷന് ആന്ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില് നിന്ന് സംപ്രേഷണത്തിന്റെ സാക്ഷ്യപത്രം ഹാജരാക്കാനായില്ല. നിയമ നടപടിക്രമങ്ങള് പാലിച്ച് മാധ്യമ സ്ഥാപനത്തില് നിന്ന് സംപ്രേഷണ ദൃശ്യങ്ങള് ഹാജരാക്കാന് ആവശ്യപ്പെടാനും കെപി ശശികലയ്ക്ക് കഴിഞ്ഞില്ലെന്നും ആണ് ചേര്ത്തല മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം.
വിഷകലയെന്ന പരാമര്ശം രാജ്മോഹന് ഉണ്ണിത്താന് നടത്തിയെന്നോ, അതിന്റെ തെളിവ് ഹാജരാക്കാനോ, പ്രസ്താവന പൊതുമധ്യത്തിലുണ്ടെന്ന് തെളിയിക്കാനോ കഴിഞ്ഞിട്ടില്ലെന്നും കോടതിയുടെ നിരീക്ഷണം. തെളിവുകളില്ലാതെയും സംശയത്തിന്റെയും അടിസ്ഥാനത്തില് ആരോപണ വിധേയനെ കുറ്റക്കാരനെന്ന് കണ്ടെത്താനാവില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. പരാതിക്കാരി കേസ് നടത്തിയതിലെ നടപടിക്രമങ്ങളില് വീഴ്ചയുണ്ടെന്നുമാണ് മജിസ്ട്രേറ്റ് കോടതിയുടെ വിമര്ശനം.
Content Highlights- Cherthala magistrate court acquitted rajmohan unnithan on case filed by k p sasikala