'അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയട്ടേ'; ആശംസകളുമായി ദേവസ്വം മന്ത്രിക്ക് യോഗി ആദിത്യനാഥിന്റെ കത്ത്

ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേരുന്നതായി യോഗി

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേവസ്വം മന്ത്രി വി എന്‍ വാസവന് കത്തയച്ചാണ് പിന്തുണ അറിയിച്ചത്. ദേവസ്വം മന്ത്രിയുടെ ക്ഷണക്കത്തിന് മറുപടിയായിരുന്നു യോഗിയുടെ കത്ത്. ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേരുന്നതായി യോഗി പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയട്ടെയെന്നും യോഗി ആദിത്യനാഥ് ആശംസിച്ചു.

ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിയിച്ച് ആരംഭിച്ചു. വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ജില്ലാ കലക്ടര്‍ എന്നിവരും സമീപമുണ്ടായിരുന്നു. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപുള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടക്കം 3,500 പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.

അതേസമയം ആഗോള അയ്യപ്പ സംഗമത്തെ ശക്തമായി എതിര്‍ക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം. രാഷ്ട്രീയ നേട്ടം മാത്രമാണ് അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫും ബിജെപിയും ആരോപിക്കുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണമില്ലെന്നാണ് യുഡിഎഫ് പ്രഖ്യാപനം. സ്വര്‍ണ്ണപ്പാളി തട്ടിയെടുത്തവരെ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സംരക്ഷിക്കുന്ന സാഹചര്യത്തില്‍ അയ്യപ്പഭക്തര്‍ സംഗമത്തിന് പോകരുതെന്നാണ് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം അയ്യപ്പ സംഗമത്തിന് ബദല്‍ സംഗമം സംഘടിപ്പിച്ച് വിശ്വാസികളുടെ പിന്തുണ നേടാനാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം. 22ന് പന്തളത്താണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘവും സംഘടിപ്പിക്കുന്നത്.

Content Highlights: Yogi Adithyanadh give letter to V N Vasavan on Global Ayyappa Sangamam

To advertise here,contact us