കൊച്ചി: സമൂഹമാധ്യമങ്ങള് വഴി പ്രചരിപ്പിച്ചത് വ്യാജവാര്ത്തയാണെന്ന് കെ എന് ഉണ്ണികൃഷ്ണന് എംഎല്എ. സമൂഹം അപലപിക്കേണ്ട കാര്യമാണിതെന്നും തന്റെ സാമൂഹിക പ്രവര്ത്തനത്തെ തകര്ക്കാന് ശ്രമിച്ചെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. തെറ്റായ സംഭവം സത്യമെന്ന് തോന്നിക്കും വിധം കെ എം ഷാജഹാന് തെറ്റായ വാര്ത്ത പ്രചരിപ്പിച്ചെന്നും ഉണ്ണികൃഷ്ണന് എംഎല്എ പറഞ്ഞു.
'പറവൂരില് നടന്നുവെന്ന് പറയപ്പെടുന്ന സംഭവം തിരുവനന്തപുരത്തിരുന്ന് ഷാജഹാന് എങ്ങനെ അറിഞ്ഞു? ഇത് വ്യക്തമാക്കാനുള്ള ധാര്മ്മിക ബാധ്യത ഷാജഹാനുണ്ട്. സമ്പന്നമായ രാഷ്ട്രീയ ചരിത്രത്തിന് കളങ്കം ഏല്പ്പിക്കുന്ന സംഭവമാണിത്. സമൂഹമാധ്യമ ഇടം ദുരുപയോഗം ചെയ്തു. ആരോപണങ്ങള് പടച്ചുവിടുന്നവര് എനിക്കൊരു കുടുംബമുണ്ട് എന്നോര്ക്കണം. ഭാര്യയും മക്കളും ഉണ്ട് എന്ന് ഓര്ക്കണം', ഉണ്ണികൃഷ്ണന് പറഞ്ഞു.
സമൂഹം ഈ വാര്ത്ത തിരസ്കരിച്ചെന്നും കോണ്ഗ്രസിന് ബന്ധമില്ലെങ്കില് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്പ്പെടെ അത് നിഷേധിക്കണമെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. വ്യാജ വാര്ത്ത പ്രചരിപ്പിക്കുന്നത് തടയണമെന്നും കള്ള പ്രചാരണം നടത്തുന്നവരെ നിയമത്തിന്റെ മുന്നില് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും മുനമ്പം ഡിവൈഎസ്പിക്കും പരാതി നല്കിയെന്നും ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
അതേസമയം സൈബര് ആക്രമണത്തില് സിപിഐഎം നേതാവ് കെ ജെ ഷൈന് നല്കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും ഉദ്യോഗസ്ഥരും കൊച്ചി സൈബര് ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്. കെ ജെ ഷൈനെതിരായ സമൂഹമാധ്യമ പോസ്റ്റുകളും യൂട്യൂബ് ചാനല് വാര്ത്തകളും പ്രത്യേക സംഘം പരിശോധിച്ചുവരികയാണ്. കെ എം ഷാജഹാന് അടക്കമുള്ള പ്രതികളെ ഉടന് അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.
Content Highlights: Vypin MLA Unnikrishnan about Cyber attack against him