തിരുവനന്തപുരം: വര്ക്കലയില് വാഹനാപകടത്തില് ഫിഷറീസ് വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്ക്ക് ഗുരുതര പരിക്ക്. വെട്ടൂര് കാട്ടുവിള സ്വദേശിനി അന്സീന, ചെറുന്നിയൂര് സ്വദേശിനി ഷൈലജാ ബീഗം എന്നിവര്ക്കാണ് പരിക്കേറ്റത്. ഉദ്യോഗസ്ഥര് സഞ്ചരിച്ച സ്കൂട്ടറിലേക്ക് സ്കോര്പിയോ ഇടിച്ചുകയറുകയായിരുന്നു.
വര്ക്കല രഘുനാഥപുരം റോഡില് ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. വര്ക്കലയില് നിന്ന് രഘുനാഥപുരത്തേയ്ക്ക് വരികയായിരുന്ന സ്കോര്പിയോ എതിര്ദിശയില് നിന്നുവന്ന വനിതാ ഉദ്യോഗസ്ഥരെ ഇടിക്കുകയായിരുന്നു. അഞ്ച് മീറ്റര് ദൂരത്തില് ഇടിച്ചു നീക്കിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അന്സീനയേയും ഷൈലജാ ബീഗത്തെയും തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
വെട്ടൂര് പഞ്ചായത്ത് പരിധിയില് പ്രവര്ത്തിക്കുന്ന ഫിഷറീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരാണ് അപകടത്തില്പ്പെട്ടത്. രഘുനാഥപുരം സ്വദേശിയുടെ വീട് മെയിന്റനന്സുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ പ്രകാരം വീട് സന്ദര്ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള് പറഞ്ഞു.
Content Highlights- Two women worked in fisheries department injured by an accident in varkala