തിരുമല അനിലിന്‍റെ മരണം; പിന്നിൽ സിപിഐഎമ്മിന്‍റെയും പൊലീസിന്‍റെയും ഗൂഢാലോചനയെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍

അനിൽ നേതൃത്വം കൊടുക്കുന്ന സഹകരണ സ്ഥാപനത്തിൽ ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് കരമന ജയന്‍

3 min read|20 Sep 2025, 11:43 pm

തിരുവനന്തപുരം: ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും തിരുമല കൗൺസിലറുമായ കെ അനിൽകുമാറിന്റെ മരണത്തിന് പിന്നിൽ സിപിഐഎമ്മിന്റെയും പൊലീസിന്റെയും ഗൂഢാലോചനയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ. ഒരു കേസിലും പ്രതിയാകാത്ത കൗൺസിലറെ തമ്പാനൂർ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയെന്നും ഇന്ന് രാവിലെ അഞ്ച് ലക്ഷം രൂപയുമായി സ്റ്റേഷനിൽ വരണമെന്ന് ഭീഷണിപ്പെടുത്തിയെന്നും അത് കാരണമാണ് ആത്മഹത്യ ചെയ്തതതെന്നും കരമന ജയൻ പറഞ്ഞു. ബിജെപിയുടെ കൗൺസിലർ ആയതുകൊണ്ടാണ് സ്റ്റേഷനിൽ വരണമെന്ന് ഭീഷണിപ്പെടുത്തിയത്. അല്ലെങ്കിൽ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറഞ്ഞത്. അഴിമതിയുടെ ഒരു കറപോലും പുരളാത്ത നേതാവാണ് അനിലെന്നും കരമന ജയൻ പറഞ്ഞു.

സിപിഐഎമ്മിന്റെ അഴിമതിക്കെതിരെ ശക്തമായി പോരാടിയ നേതാവാണ് അനിൽകുമാർ. അങ്ങനെ ഒരാളെ നശിപ്പിക്കണമെന്ന സിപിഐഎമ്മിന്റെയും പൊലീസിന്റെയും ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. പൊലീസ് നിരന്തരം അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടുമെന്ന് കണ്ടാണ് അനിൽകുമാർ ആത്മഹത്യ ചെയ്തതെന്നും കരമന ജയൻ പറഞ്ഞു. പൊലീസിൽ പരാതി നൽകിയത് ആരെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ സൂചകമായി ഈ മാസം 22ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തും. കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ജയൻ പറഞ്ഞു. അതേസമയം സഹകരണ സംഘവുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നും അനിൽ നേതൃത്വം കൊടുക്കുന്ന സഹകരണ സ്ഥാപനത്തിൽ ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനിലിന്റെ ആത്മഹത്യയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. ഇന്ന് രാവിലെയായിരുന്നു ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് കോടിയോളം രൂപ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടെന്ന് അനില്‍ വ്യക്തമാക്കുന്ന ഒരു കുറിപ്പ് പൊലീസിന് ലഭിച്ചതായാണ് വിവരം. വായ്പ നല്‍കിയ പതിനൊന്ന് കോടിയോളം രൂപ തിരികെ ലഭിക്കാനുണ്ടെന്നും പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കണമെന്നും കുറിപ്പിലുണ്ട്. താനും കുടുംബവും ഒറ്റപ്പൈസ പോലും എടുത്തിട്ടില്ല. തന്നെ ഒറ്റപ്പെടുത്തിയതായും അനില്‍ കുറിപ്പില്‍ പറയുന്നതായാണ് വിവരം. രണ്ടാഴ്ച മുന്‍പ് അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ കണ്ട് സഹകരണ സംഘത്തിലെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് പറഞ്ഞിരുന്നതായി വിവരം പുറത്തുവന്നിരുന്നു. അനിലുമായി കൂടിക്കാഴ്ച നടത്തിയ വിവരം രാജീവ് ചന്ദ്രശേഖര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Content Highlights: Karamana Jayan says K Anilkumar's death is a conspiracy by the CPIM and the police

K S Anilkumar death, CPIM and police Thiruvananthapuram Central District President Karamana Jayan reaction

To advertise here,contact us