ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി

മൂന്ന് മണിക്ക് ശേഷം എല്ലാവരും പ്രദേശത്ത് നിന്ന് ഒഴിയണമെന്നും ബോംബ് പൊട്ടുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ടായിരുന്നു

തിരുവനന്തപുരം: ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വ്യാജ ഭീഷണിയുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഇമെയിലിലാണ് ഇന്ന് രാവിലെ ഭീഷണി സന്ദേശം വന്നത്. ഐഇഡികൾ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബ് വയ്ക്കാൻ സഹായിച്ചത് തമിഴ്‌നാട് പൊലീസാണെന്നും നടൻ എസ് വി ശേഖറിന്റെ വീട്ടിലും ക്ഷേത്രത്തിലും ബോംബ് വെച്ചെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. മൂന്ന് മണിക്ക് ശേഷം എല്ലാവരും പ്രദേശത്ത് നിന്നും ഒഴിയണമെന്നും ബോംബ് പൊട്ടുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ടായിരുന്നു.

ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ക്ഷേത്രത്തിലും പരിസരങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നിലവിൽ ഭീഷണി വ്യാജമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി പൊലീസിന് തലവേദനയായ സ്ഥിതിയാണ്. പൊലീസ് അന്വേഷണം വ്യാപകമാക്കിയെങ്കിലും ഇത്തരം ഭീഷണികൾക്ക് പിന്നിലെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഡാർക്ക്‌വെബ്ബിൽ നിന്നുണ്ടാക്കുന്ന മെയിൽ ഐഡിയിൽ നിന്നാണ് വ്യാജന്മാർ ഇത്തരം സന്ദേശം അയക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബർ 13ന് ഇത്തരത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലും വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

Content Highlights: Hoax bomb threat to Attukal Temple today

To advertise here,contact us