മുഖ്യമന്ത്രി അയ്യപ്പ ഭക്തന്‍; ഭക്തനല്ലെങ്കില്‍ രണ്ടുതവണ അദ്ദേഹം ഇവിടെ വരുമോ?: വെള്ളാപ്പള്ളി നടേശന്‍

കമ്മ്യൂണിസ്റ്റുകാർ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തന്മാരാണെന്ന് വെള്ളാപ്പള്ളി നടേശന്‍

പമ്പ: മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പ ഭക്തനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കമ്മ്യൂണിസ്റ്റുകാർ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനെത്തിയ വെള്ളാപ്പള്ളി മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

ആദർശത്തിനായി നിരീശ്വരവാദം പറയുമെങ്കിലും അയ്യപ്പനെ കാണാനെത്തുന്ന 90 ശതമാനം പേരും മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റുകാരാണ്. ഇവർക്കെല്ലാം മനസിൽ ഭക്തിയുണ്ട്. പണ്ട് എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അങ്ങനെയല്ല. പിണറായി തന്നെ രണ്ടു തവണ ഇവിടെ വന്നിട്ടുണ്ട്. ഭക്തനല്ലെങ്കിൽ അദ്ദേഹം വരുമോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. അയ്യപ്പനെ അദ്ദേഹം ഹൃദയം കൊണ്ട് ഇന്ന് സ്വീകരിച്ചെന്നും ഭക്തനല്ലെങ്കിൽ അങ്ങനെ ചെയ്യുമോ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

പമ്പയിലെ ആഗോള അയ്യപ്പ സംഗമവേദിയിലേക്ക് പിണറായി വിജയന്റെ കാറിലാണ് വെള്ളാപ്പള്ളി എത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പിണറായിയെ തനിക്ക് ഏറെ ഇഷ്ടമാണ് എന്നായിരുന്നു വെള്ളാപ്പള്ളി പ്രതികരിച്ചത്. 'നേരത്തെയും അദ്ദേഹത്തെ കൈ കൊടുത്ത് പൊക്കിക്കൊണ്ട് നടന്നിട്ടില്ലേ? അദ്ദേഹം എന്നെയും പൊക്കിക്കൊണ്ട് നടന്നിട്ടില്ലേ? എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അടുത്ത തവണയും അദ്ദേഹം തന്നെയാകും മുഖ്യമന്ത്രി. വേറെ ആരെങ്കിലും മുഖ്യമന്ത്രിയാകുന്നതുകൊണ്ട് കാര്യമില്ല. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള ഏകയോഗ്യൻ അദ്ദേഹം മാത്രമാണ്. എല്ലാവരെയും കൊണ്ടുനടക്കാനുള്ള കഴിവും എല്ലാവരെയും മെരുക്കികൊണ്ടുപോകാനുള്ള ശക്തിയും ഇന്ന് പിണറായിക്കുള്ളതുപോലെ മറ്റാർക്കും ഇല്ല' വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം വനഭൂമിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ തർക്കമാണെന്ന വിമർശനം വെള്ളാപ്പള്ളി ആഗോള സംഗമവേദിയിൽ ഉന്നയിച്ചു. സംസ്ഥാന സർക്കാരിന്റെ ഭാഗമാണ് വനം വകുപ്പും മന്ത്രിയും. എങ്കിലും സർക്കാരും വകുപ്പും രണ്ടാണോ എന്ന് തോന്നുന്ന അവസ്ഥയാണെന്നും വെള്ളാപ്പള്ളി വേദിയിയിൽ പറഞ്ഞു .പ്രായമായവർക്കും മലകയറാൻ പ്രയാസമനുഭവിക്കുന്നവർക്കുമായി റോപ് വേ സംവിധാനം നടപ്പാക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Chief Minister is Ayyappa devotee says Vellapally Natesan

To advertise here,contact us