തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന പരാതികൾക്കിടെ രാജി സന്നദ്ധത അറിയിച്ച് സൂപ്രണ്ട് ഡോ സുനിൽകുമാർ. ചികിത്സാ ജോലികളും സൂപ്രണ്ട് ജോലിയും ഒന്നിച്ച് വഹിക്കാൻ ആകുന്നില്ലെന്ന് കാണിച്ച് സുനിൽകുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകി. കഴിഞ്ഞ കുറച്ചു നാളുകളായി മെഡിക്കൽ കോളേജിനെതിരെ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി സന്നദ്ധത അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസത്രക്രിയകൾ മുടങ്ങി. യൂറോളജി വിഭാഗത്തിലാണ് പ്രതിസന്ധി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണം ഇല്ലാത്തതിനാൽ യൂറോളജി വിഭാഗത്തിലാണ് ശസ്ത്രക്രിയകൾ നിർത്തിയത്. ഫ്ളെക്സിബിൾ യൂറിട്ടറോസ്കോപ് എന്ന ഉപകരണമില്ലാത്തതിനാൽ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് മുടങ്ങിയത്. ഇന്ന് യൂറോളജി ഒ പി ഉണ്ടായിരുന്നെങ്കിലും ശസ്ത്രക്രിയകൾ നടന്നില്ല. എന്നാൽ എത്ര ശസ്ത്രക്രിയകളാണ് മുടങ്ങിയതെന്ന കണക്കുകൾ ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടില്ല.
ഫ്ളെക്സിബിൾ യൂറിട്ടറോസ്കോപ് കഴിഞ്ഞ ഒക്ടോബർ മുതൽ ലഭ്യമല്ലാത്തതിനാൽ രോഗികളിൽ നിന്നു പണപ്പിരിവ് നടത്തി ഉപകരണം വാങ്ങിയായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാൽ ഇത്തരത്തിൽ പണപ്പിരിവ് നടത്തി ഉപകരണങ്ങൾ വാങ്ങരുതെന്ന് മന്ത്രി നിർദേശം നൽകിയതോടെയാണ് വീണ്ടും പ്രതിസന്ധി ഉണ്ടായത്. ഈ ഉപകരണം വാങ്ങിനൽകണമെന്ന് പലതവണ വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ചിറക്കൽ ആശുപത്രി മേധാവികൾക്ക് കത്തു നൽകിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇന്ന് തന്നെ ഉപകരണം എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും വ്യക്തമാക്കിയത്.
ശസ്ത്രക്രിയ ഉപകരണ വിതരണക്കാർക്ക് 18 മാസത്തെ കുടിശിക തുക നൽകാത്തതിനെ തുടർന്നുള്ള പ്രതിസന്ധിയിലും പരിഹാരമായിട്ടില്ല. വിതരണക്കാർക്ക് നിലവിൽ അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്നും കുടിശികയായ 160 കോടി രൂപയിൽ 100 കോടി എങ്കിലും അനുവദിക്കണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം. നിലവിലെ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ മുടങ്ങും.
Content Highlights: Thiruvananthapuram Medical College Superintendent Dr Sunil Kumar has expressed his willingness to resign