'തെറ്റ് പറ്റിപ്പോയി, പണം ആവശ്യപ്പെട്ടത് കൂടുതൽ മണൽ എത്തിക്കാൻ'; കമ്മീഷൻ വാങ്ങിയെന്ന് സമ്മതിച്ച് ബി രാജേന്ദ്രൻ

തിരുവനന്തപുരം കോർപ്പറേഷനിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസ്സായതിന് പിന്നാലെയാണ് പ്രദേശവാസികളോട് മുട്ടത്തറ കൗൺസിലറും സിപിഐഎം പ്രദേശിക നേതാവുമായ ബി രാജേന്ദ്രൻ ഒരു ലക്ഷം രൂപ കമ്മീഷൻ ചോദിച്ചത്

തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണിക്കായി കൈക്കൂലി വാങ്ങിയെന്ന് സമ്മതിച്ച് മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ. ആദ്യം പണം വാങ്ങിയില്ലെന്ന് പറഞ്ഞ അദ്ദേഹം, പിന്നാലെ റോഡ് പണിക്കായി കൂടുതൽ മണൽ എത്തിക്കുന്നതിനാണ് പണം കൈപ്പറ്റിയതെന്ന് റിപ്പോർട്ടറിനോട് പറഞ്ഞു. എസ്റ്റിമേറ്റിൽ രണ്ട് ലോഡ് മണൽ മാത്രമേ വരികയുള്ളൂവെന്നും അതിന് പുറമേ മണൽ വേണ്ടിവരുമെന്നതിനാലാണ് പണം വാങ്ങിയതെന്നും രാജേന്ദ്രൻ പറഞ്ഞു. റോഡ് പണി പൂർത്തിയാക്കാൻ സാമ്പത്തികസഹായം ചെയ്യാമെന്ന് റെസിഡൻഷ്യൽ അസോസിയേഷനിലുള്ളവർ സമ്മതിച്ചതാണെന്നും താൻ ഇതുവരെ പണം പിരിച്ചിട്ടില്ലെന്നും അഴിമതി കാണിച്ചിട്ടില്ലെന്നും ഇത് തെറ്റുപറ്റിപോയതാണെന്നും രാജേന്ദ്രൻ ഏറ്റുപറയുകയുണ്ടായി.

തിരുവനന്തപുരം കോർപ്പറേഷനിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസ്സായതിന് പിന്നാലെയാണ് പ്രദേശവാസികളോട് മുട്ടത്തറ കൗൺസിലറും സിപിഐഎം പ്രദേശിക നേതാവുമായ ബി രാജേന്ദ്രൻ ഒരു ലക്ഷം രൂപ കമ്മീഷൻ ചോദിച്ചത്. റോഡിന്റെ ഉപഭോക്താക്കളെ പണം കൊടുക്കാൻ തുടർച്ചയായി അദ്ദേഹം നിർബന്ധിക്കുകയായിരുന്നു.

മുട്ടത്തറയിൽ 20 പേർ ഉപയോഗിക്കുന്ന റോഡ് 12 ലക്ഷം രൂപ ചെലവിൽ ഇന്റർലോക്ക് പാകി പണി പൂർത്തിയാക്കാൻ പണം അനുവദിച്ചിരുന്നു. എന്നാൽ പണം അനുവദിച്ച് പണിയും തുടങ്ങിയതിന് പിന്നാലെയായിരുന്നു കൗൺസിലർ പ്രദേശവാസികളോട് പണം ആവശ്യപ്പെട്ടത്. റോഡ് പോകുന്ന വഴിയിലെ ഒരു ഭൂമിയുടെ ഉടമ എന്ന വ്യാജേന റിപ്പോർട്ടർ കൗൺസിലറെ ബന്ധപ്പെട്ടപ്പോൾ കൈക്കൂലിക്കാര്യം രാജേന്ദ്രൻ സ്ഥിരീകരിക്കുകയും തങ്ങളോട് പണം ആവശ്യപ്പെടുന്ന സ്ഥിതിയിലെത്തുകയുമായിരുന്നു. പണി നടക്കുന്ന റോഡിൽ വെച്ച് തങ്ങളുടെ കയ്യിൽ നിന്ന് 5,000 രൂപ കൈക്കൂലിയായി കൗൺസിലർ വാങ്ങുന്നത് ഒളിക്യാമറയിൽ പകർത്തി. ബാക്കി തുക വേണമെന്നും ഇദ്ദേഹംവ ആവശ്യപ്പെട്ടിരുന്നു.

Content Highlights: thiruvananthapuram corporation councilor B Rajendran confirms he asks commission

To advertise here,contact us