'ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ, ഇല്ലെങ്കിൽ ജയിലിൽ പോകേണ്ടി വരും'; സർക്കാർ ഉത്തരവിനെ പരിഹസിച്ച് ടി പത്മനാഭൻ

ജയിലില്‍ പോയാല്‍ പൊലീസുകാരുടെ ഒറ്റ അടിക്ക് ചത്ത് പോകുമെന്നും ടി പത്മനാഭന്‍

കണ്ണൂര്‍: 'ബഹുമാനപ്പെട്ട' എന്ന അഭിസംബോധന നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ പരിഹസിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂവെന്നും ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും പത്മനാഭന്‍ പരിഹസിച്ചു. ജയിലില്‍ പോയാല്‍ പൊലീസുകാരുടെ ഒറ്റ അടിക്ക് ചത്ത് പോകുമെന്നും അദ്ദേഹം പറഞ്ഞു.

'സത്യത്തില്‍ ബഹുമാനമൊന്നുമില്ല. നിയമം അനുശാസിക്കുന്നത് കൊണ്ട് മാത്രം ബഹുമാനപ്പെട്ട എന്ന് പറയുന്നു', പത്മനാഭന്‍ പറഞ്ഞു. എലപ്പുള്ളിയിലെ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എക്‌സൈസ് മന്ത്രിയോട് അഭ്യര്‍ഥിക്കുന്നതിനിടെയാണ് ടി പത്മനാഭന്റെ പരിഹാസം.

എലപ്പുള്ളിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബ്രൂവറി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'മറ്റ് സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു കമ്പനിക്കാണ് ബ്രൂവറി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബ്രൂവറി സ്ഥാപിച്ചാല്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വെള്ളം കിട്ടാതെ വരും. മറ്റേ കുടിക്ക് വെള്ളം കിട്ടുമെങ്കിലും മനുഷ്യന് കുടിക്കാന്‍ വെള്ളം കിട്ടില്ല', അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കം മറുപടി നല്‍കുമ്പോള്‍ മന്ത്രിമാരെ ബഹു എന്ന് അഭിസംബോധന ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓഗസ്റ്റ് 30നായിരുന്നു ഉത്തരവ് പുറത്തിറക്കിയത്.

Content Highlights: T Padmanabhan mocks government order

To advertise here,contact us