കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലെ ഐസിയുവില് പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്. പ്രതികളായ ജീവനക്കാര്ക്ക് അനുകൂലമായി സര്ക്കാര് നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ചാണ് സമരം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ വസതിക്ക് മുമ്പില് അതിജീവിത സമരം ആരംഭിക്കും.
സ്ത്രീത്വത്തെ അപമാനിച്ച പ്രതികള്ക്ക് കോഴിക്കോട് മെഡിക്കല് കോളജില് തിരികെ ജോലിയില് പ്രവേശിക്കാന് സാഹചര്യമൊരുക്കിയെന്നാണ് ആരോപണം. ട്രൈബ്യൂണലിന് മുന്നില് പ്രതികള്ക്ക് അനുകൂല റിപ്പോര്ട്ട് നല്കി സര്ക്കാര് സഹായിച്ചുവെന്നും അതിജീവിത പറഞ്ഞു. ആരോപണ വിധേയര്ക്ക് ജോലിയില് പ്രവേശിക്കാന് മറ്റ് മൂന്നുപേരുടെ പ്രമോഷന് തടഞ്ഞുവെന്നും ആരോപണമുണ്ട്. നേരത്തെ തന്നെ സഹായിച്ചതിന്റെ പേരില് സ്ഥലം മാറ്റിയ അനിത സിസ്റ്റര് തിരികെ വരാതിരിക്കാന് തസ്തികയില് ആളുണ്ടെന്ന് പറഞ്ഞവരാണ് ഇപ്പോള് മൂന്നുപേരുടെ പ്രമോഷന് തടഞ്ഞ് സൗകര്യം ഒരുക്കിയതെന്നും അതിജീവിത കുറ്റപ്പെടുത്തി.
2023 മാര്ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അര്ധബോധാവസ്ഥയിലായിരുന്ന യുവതിയെ അറ്റന്ഡറായിരുന്ന എം എം ശശീന്ദ്രന് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതിയെ സംരക്ഷിക്കാന് ഭരണാനുകൂല സംഘടനയില്പ്പെട്ട ചില ജീവനക്കാരുടെ നേതൃത്വത്തില് ശ്രമം നടന്നുവെന്നാരോപിച്ച് അതിജീവിത നേരത്തേ സമരത്തിന് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ ശശീന്ദ്രനെ ജോലിയില് നിന്ന് പിരിച്ചുവിട്ടിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് മെഡിക്കല് കോളേജ് പ്രിന്സിപ്പലായിരുന്നു നടപടി സ്വീകരിച്ചത്.
Content Highlights- Survivor on kozhikode medical college icu sexual assault case decide to srike