കെ ജെ ഷൈനെതിരായ അപവാദ പ്രചാരണം; മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

കെ എം ഷാജഹാന്‍ അടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ അപവാദ പ്രചാരണം പ്രത്യേക സംഘം അന്വേഷിക്കും. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും ഉദ്യോഗസ്ഥരും കൊച്ചി സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്. കെ ജെ ഷൈനെതിരായ സമൂഹമാധ്യമ പോസ്റ്റുകളും യൂട്യൂബ് ചാനല്‍ വാര്‍ത്തകളും പ്രത്യേക സംഘം പരിശോധിച്ചുവരികയാണ്. കെ എം ഷാജഹാന്‍ അടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.

കെ എം ഷാജഹാനെതിരെ നാല് സിപിഐഎം എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നു. വൈപിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ എന്നിവരാണ് പരാതി നല്‍കിയത്.എറണാകുളം ജില്ലയിലെ നാല് സിപിഐഎം എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം കെ എം ഷാജഹാന്‍ വീഡിയോ ചെയ്തിരുന്നതായി എംഎല്‍എമാര്‍ പറഞ്ഞിരുന്നു. വാസ്തവ വിരുദ്ധ വീഡിയോ പങ്കുവെച്ച ഷാജഹാനെതിരെ നടപടി വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമായിരുന്നു എംഎല്‍എമാര്‍ പരാതി നല്‍കിയത്.

അപവാദ പ്രചാരണം ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാന് പുറമേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്.

സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ ജെ ഷൈന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെ ജെ ഷൈന്‍ പ്രതികരിച്ചത്. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- Special team will investigate case over cpim leader k j shines complaint

To advertise here,contact us