ആഗോള അയ്യപ്പ സംഗമവും ശബരിമല സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും സഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം

ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളിലെ തൂക്കക്കുറവില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു

തിരുവനന്തപുരം: ശബരിമലയിലെ ആഗോള അയ്യപ്പ സംഗമവും സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞ സംഭവവും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാട് ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളിലെ തൂക്കക്കുറവില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. സ്വര്‍ണ്ണപ്പാളി ഉള്‍പ്പെട്ട ലോഹത്തിന്റെ ഭാരം നാലര കിലോഗ്രാം കുറഞ്ഞത് മനഃപ്പൂര്‍വ്വം നടത്തിയ തിരിമറിയാകാമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2019 ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്തിയില്ലെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ, ഭരണതലത്തില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇന്നലെ കെഎസ്യു മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യമായ പ്രകോപനം ഉണ്ടായെന്നാണ് പ്രതിപക്ഷ ആരോപണം. സ്ത്രീ - പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും, ദേശീയപാത നിര്‍മാണത്തിലെ അപാകതകളും ചോദ്യോത്തരവേളയില്‍ ഉണ്ടാകും.

അതേസമയം പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം നാലാം ദിവസത്തിലേക്ക് കടന്നു. കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

Content Highlights: opposition will Raise Global Ayyappa sangamam and sabarimala gold plate issue in assembly

To advertise here,contact us