പാലിയേക്കരയിലെ ടോള്‍ പിരിവിന് തിങ്കളാഴ്ച അനുമതി നല്‍കും; ഉപാധികളോടെയാവും അനുമതിയെന്ന് ഹെെക്കോടതി

നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി:പാലിയേക്കരയിലെ ടോള്‍ പിരിവിന് തിങ്കളാഴ്ച അനുമതി നല്‍കുമെന്ന് ഹൈക്കോടതി. ഉപാധികളോടെയാവും അനുമതി നല്‍കുകയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അനുമതിക്ക് വിധേയമായി തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കാനാവും. ദേശീയപാതാ അതോറിറ്റിയുടെയും ടോള്‍ കരാര്‍ കമ്പനിയുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് നടപടി. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റി കൃത്യമായ ഇടവേളകളില്‍ പരിശോധന തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗതകുരുക്കുണ്ടാകുന്നതു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ആറിനാണ് കോടതി ടോള്‍ പിരിവ് ആദ്യം ഒരുമാസത്തേക്ക് തടഞ്ഞത്. പിന്നാലെ ഇത് നീട്ടുകയായിരുന്നു. തുടർന്ന് ടോൾപ്പിരിവ് നിര്‍ത്തിവെക്കാൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ടോള്‍ പിരിവ് നാലാഴ്ച്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീംകോടതി ഇത് തള്ളുകയായിരുന്നു.

Content Highlight; High Court to allow toll in Paliyekkara; order on Monday

To advertise here,contact us