പമ്പയിൽ കാലുകുത്തുമ്പോൾ പശ്ചാത്താപഭാരം കൊണ്ട് വിയര്‍ക്കും; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ സി വേണുഗോപാൽ

അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ സി വേണുഗോപാല്‍ എംപി. അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തിലാണ് വേണുഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി രംഗത്തെത്തിയത്. അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് വേണുഗോപാല്‍ പറഞ്ഞു.

'വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണ്. ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിന് ചുക്കാന്‍ പിടിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങൾ. പമ്പയില്‍ കാലുകുത്തുമ്പോള്‍ മുഖ്യമന്ത്രി പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തുപോകും.' കെ സി വേണു​ഗോപാൽ കത്തിലൂടെ വിശദമാക്കി. അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢികളാക്കി നടത്തുന്ന പ്രഹസനമെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

നാളെ പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയായി. പമ്പാതീരത്ത് 38,500 ചതുരശ്രയടി വിസ്തീർണത്തിലാണ് പന്തൽ ഒരുങ്ങുന്നത്. പരിപാടിയിലേക്ക് 3000 പേർക്കാണ് പ്രവേശനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. ശബരിമല മാസ്റ്റർപ്ലാൻ സംബന്ധിച്ച സുപ്രധാന പാനൽ ചർച്ചയും സംഗമത്തിന്റെ ഭാഗമായി നടക്കും.

Content Highlight; Global Ayyappa Sangam; KC Venugopal writes an open letter to the Chief Minister

To advertise here,contact us