'ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു'; ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മില്‍ തല്ലി ഹോം ഗാർഡുകൾ

ഹോം ഗാർഡുകളിൽ ഒരാളുടെ തലയ്ക്ക് പരിക്കേറ്റു

കൊച്ചി: ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ തമ്മില്‍ തല്ലി ഹോം ഗാര്‍ഡുകള്‍. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ തല്ലിയത്.

പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ജോര്‍ജും രാധാകൃഷ്ണനും ബിരിയാണി കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു തര്‍ക്കവും തുടര്‍ന്ന് തമ്മില്‍ തല്ലും.

ഒരാള്‍ ചിക്കന്‍ കഷ്ണങ്ങള്‍ അധികമായി എടുത്തപ്പോള്‍ അടത്തയാള്‍ക്ക് കുറച്ചാണ് കിട്ടിയത്. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ രാധാകൃഷ്ണന് തലയ്ക്ക് പരിക്കേറ്റു. പിന്നാലെ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights- traffic police guards fight over chicken in biriyani

To advertise here,contact us