രാഹുൽ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നു; ഫോണിൽ ബന്ധപ്പെട്ടിരുന്നു: രമേശ് പിഷാരടി

'ആരോപണങ്ങൾ തെളിയും വരെ രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ല'

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാരോപണക്കേസിൽ പ്രതികരിച്ച് നടൻ രമേശ് പിഷാരടി.രാഹുൽ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നുവെന്ന് നടൻ പറഞ്ഞു. ആരോപണങ്ങൾ തെളിയും വരെ രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ല. പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്റെ വിഷയത്തിൽ ഒരു പരാതി പോലുമില്ല. ഷാഫിക്കെതിരെയുള്ള വിമർശനം സ്വാഭാവികമാണ്. രാഹുലിന്റെ സുഹൃത്തായതിനാൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാകും. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായതാണെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു.

യുവ നേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന നടിയുടെ വെളിപ്പെടുത്തലായിരുന്നു രാഹുലിനെതിരായ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു യുവനടി പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും 'ഹു കെയേഴ്സ്' എന്നതായിരുന്നു അയാളുടെ ആറ്റിറ്റ്യൂട് എന്നും അവർ പറഞ്ഞിരുന്നു.

സംഭവം വിവാദമായി മാറിയതോടെ നിരവധിപേർ രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തി.

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുന്നതിന്റെ ശബ്ദരേഖയും വാട്ട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും ഉൾപ്പെടെ പുറത്തുവരികയും ചെയ്തിരുന്നു. ഹൈക്കമാൻഡും കൈയൊഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇതിന് ശേഷവും രാഹുലിനെതിരെ ആരോപണങ്ങൾ പുറത്തുവന്നു. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണമായിരുന്നു പുറത്തുവന്നത്.

നിന്നെ കൊല്ലാൻ എത്രസമയമാണ് വേണ്ടതെന്നാണ് കരുതുന്നതെന്നും സെക്കൻഡുകൾ കൊണ്ട് കൊല്ലാൻ സാധിക്കുമെന്നുമാണ് രാഹുൽ പറയുന്നത്. ഗർഭിണിയായ യുവതിയോട് ചവിട്ടുമെന്നും രാഹുൽ പറയുന്നുണ്ട്. ഫോൺ സംഭാഷണം പുറത്തുവന്നതോടെ രാഹുലിനെതിരായ കുരുക്ക് മുറുകി. ഇതോടെ കോൺഗ്രസ് പ്രതിരോധത്തിലാകുകയും രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: Ramesh Pisharody responds to allegations against Rahul Mamkootathil

To advertise here,contact us