കൊച്ചി: എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിലെ കവര്പേജിനെതിരെ ഹൈക്കോടതിയില് ഹര്ജി. കവര്പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്ദ്ദേശം നല്കാത്തത് നിയമവിരുദ്ധമെന്ന് കാട്ടിയാണ് ഹര്ജി. അഭിഭാഷകനായ എ രാജസിംഹന്റെ ഹര്ജിയില് ഹൈക്കോടതി വിശദീകരണം തേടി.
അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്ഗ്വിന് ബുക്സിനോടുമാണ് വിശദീകരണം തേടിയത്. കേന്ദ്ര സര്ക്കാരും മറുപടി നല്കണമെന്നാണ് ഡിവിഷന് ബെഞ്ചിന്റെ നിര്ദ്ദേശം. ഹര്ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ആദ്യ ഓര്മപുസ്തകമായ 'മദര് മേരി കംസ് ടു മീ' എന്ന പുസ്തകത്തിന്റെ കവര് ചിത്രമാണ് വിവാദമായത്.
അമ്മ മേരി റോയിയുടെ മരണത്തെ തുടര്ന്ന് അരുന്ധതി റോയി എഴുതിയ ഓര്മക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. കോട്ടയത്തെ പള്ളിക്കൂടം സ്കൂള് സ്ഥാപകയും ക്രിസ്ത്യന് പിന്തുടര്ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില് പെണ്മക്കള്ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയിക്ക് വഴിയൊരുക്കിയ ആളുമാണ് അരുന്ധതിയുടെ അമ്മ മേരി റോയി.
Content Highlights: Plea against Arundhati Roy book Mother mary comes to me cover page