പത്തനംതിട്ട പോക്‌സോ കേസ്: ശക്തമായ നടപടിക്ക് ആഭ്യന്തര വകുപ്പ്; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

പൊലീസിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചു എന്നാണ് കണ്ടെത്തൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിയിൽ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിക്ക് ആഭ്യന്തര വകുപ്പ്. തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സി ഐ പ്രവീൺ എന്നിവർക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണത്തിനും നിർദ്ദേശമുണ്ട്. പത്തനംതിട്ടയിൽ പതിനാറുകാരി അതിക്രൂര പീഡനത്തിനിരയായ കേസിലാണ് ആഭ്യന്തര വകുപ്പ്‌ നടപടികൾക്ക് ഒരുങ്ങുന്നത്.

പൊലീസിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചു എന്നാണ് കണ്ടെത്തൽ. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തിയെന്നും കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണത്തിനും നിർദ്ദേശമുണ്ട്. ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നതൃത്വത്തിലായിരിക്കും അന്വേഷണം. ശേഷം നടപടിയിൽ അന്തിമ തീരുമാനത്തിലെത്തും.

കേസ് ആദ്യം അട്ടിമറിച്ചതിൽ കോന്നി ഡിവൈഎസ്പി ആയിരുന്ന രാജപ്പൻ റാവുത്തറെയും സിഐ ശ്രീജിത്തിനെയും മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട സിഡബ്ല്യുസി ചെയർമാനെയും സസ്‌പെൻഡ് ചെയ്തിരുന്നു.

അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാനെത്തിയ അഭിഭാഷകൻ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. എന്നാൽ പ്രതിയായ അഭിഭാഷകനെ സംരക്ഷിക്കും വിധത്തിലാണ് പൊലീസിന്റെ ഇടപെടൽ. പരാതി കിട്ടിയിട്ടും കേസ് എടുക്കാതെയും പ്രതിയെ അറസ്റ്റ് ചെയ്യാതെയും പൊലീസ് ഗുരുതര കൃത്യവിലോപം നടത്തി. കോന്നി പൊലീസ് കൈമാറിയ കേസിൽ ആറന്മുള പൊലീസും പ്രതിയെ സഹായിക്കും വിധമാണ് ഇടപെട്ടത്. പ്രതിയായ ഹൈക്കോടതി അഭിഭാഷകന് അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് കിട്ടാൻ പൊലീസിന്റെ നടപടികൾ വഴിയൊരുക്കിയിരുന്നു.

Content Highlights: Home Department to take strong action against officials in Pathanamthitta POCSO case

To advertise here,contact us