കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണങ്ങളില് വീണ്ടും പ്രതികരണവുമായി സിപിഐഎം നേതാവ് കെ ജെ ഷൈൻ. കരുത്ത് ആരും ദാനമായ് തന്നതല്ലെന്നും തൻ അറിഞ്ഞ ആശയത്തിൽ നിന്നും അനുഭവത്തിൽ നിന്നും ആർജ്ജിച്ച് എടുത്തതാണെന്നും പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ഷൈൻ്റെ പ്രതികരണം. 'നിലാവ് കാണുമ്പോൾ പട്ടികൾ കുരയ്ക്കും.
പട്ടിക്ക് കുരയ്ക്കാതിരിക്കാനാവില്ല. നിലാവിന് ഉദിക്കാതിരിക്കാനും' എന്നും ഷൈൻ പറഞ്ഞു.
തനിക്ക് പിന്തുണ അറിയിച്ചവരെ ഹൃദയത്തോട് ചേർത്തുനിർത്തുന്നുവെന്നും ഷൈൻ കൂട്ടിച്ചേർത്തു.
കുറിപ്പിന്റെ പൂർണ രൂപം
കരുത്ത്….. ആരും ദാനമായ് തന്നതല്ല, കടം കൊണ്ടതുമല്ല ഞാൻ അറിഞ്ഞ ആശയത്തിൽ നിന്നും അനുഭവത്തിൽ നിന്നും ആർജ്ജിച്ച് എടുത്തതാണ്…..നേരിനു വേണ്ടി തല ഉയർത്തി നിവർന്ന് നിൽക്കാൻ പഠിപ്പിച്ച എന്റെ സമൂഹവും ,പ്രസ്ഥാനങ്ങളും കൂടെയുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ്. നിലാവ് കാണുമ്പോൾ പട്ടികൾകുരയ്ക്കും . പട്ടിക്ക് കുരയ്ക്കാതിരിക്കാനാവില്ല , നിലാവിന് ഉദിക്കാതിരിക്കാനും…..എല്ലാ വ്യത്യസ്തതകൾക്കുമപ്പുറം കൂടെയുണ്ടെന്ന് അറിയിച്ച എല്ലാവരേയും ഹൃദയത്തോട് ചേർക്കുന്നു.
സമൂഹമാധ്യമങ്ങളിലടക്കം തനിക്കെതിരെ നടക്കുന്ന അധിക്ഷേപ പ്രചരണങ്ങളിൽ കെ ജെ ഷൈൻ നേരത്തെ പ്രതികരിച്ചിരുന്നു. സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നാണ് അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. തന്നെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജ-കുപ്രചരണങ്ങള് നടക്കുകയാണ്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വെച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ ജെ ഷൈൻ പറഞ്ഞിരുന്നു.
സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണം. കൂടാതെ പൊതുപ്രവര്ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില് പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല് നടത്തുമെന്ന വിശ്വാസമുണ്ട്. ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. ഇത്തരത്തിൽ തന്നെ അപമാനിക്കാന് ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്ഡിലുകള്ക്കും മാധ്യമങ്ങള്ക്കുമെതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന് എന്നിവര്ക്കും പരാതി നല്കുമെന്നും കെ ജെ ഷൈൻ വ്യക്തമാക്കിയിരുന്നു.
Content Highlights: CPIM leader KJ Shine responds again to negative campaigns