കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണങ്ങളില് പ്രതികരണവുമായി എറണാകുളം ഡിഡിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കെ ജെ ഷൈനിനും എംഎല്എയ്ക്കുമെതിരായ ആരോപണം സംബന്ധിച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും കോണ്ഗ്രസിനെതിരായ ആരോപണം ജില്ലാ സെക്രട്ടറി പിന്വലിക്കണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. വാര്ത്ത വന്നത് ഒരു മാധ്യമത്തിലാണെന്നും അത് പ്രചരിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. സിപിഐഎമ്മില് തന്നെയുളള പ്രശ്നങ്ങളുടെ ഭാഗമാണ് കെ ജെ ഷൈനെതിരായ അധിക്ഷേപ പ്രചാരണമെന്നും അത് കോണ്ഗ്രസിന്റെ തലയില് കെട്ടിവെയ്ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മുഹമ്മദ് ഷിയാസിന്റെ പ്രതികരണം.
'കോണ്ഗ്രസിന്റെ ഔദ്യോഗിക ഹാന്ഡിലുകള് അത്തരം പ്രചാരണങ്ങള് നടത്തിയിട്ടില്ല. ഇന്ന് ഒരു പത്രത്തില് ആണ് വാര്ത്ത വന്നത്. അത് കോണ്ഗ്രസ് പത്രത്തിലുമല്ല വന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിക്ക് പക്വതക്കുറവുണ്ടാകാം. രാഹുല് മാങ്കൂട്ടത്തില് വിഷയത്തില് കോണ്ഗ്രസ് എടുത്ത നിലപാട് എല്ലാവര്ക്കുമറിയാം. സിപിഐഎമ്മിന്റെ അധികാര തര്ക്കങ്ങള് കോണ്ഗ്രസിന്റെ തലയില് കെട്ടിവെയ്ക്കേണ്ട. എല്ലാം എല്ലാ കാലത്തും മറച്ചുവയ്ക്കാമെന്നും സിപിഐഎം കരുതേണ്ട': മുഹമ്മദ് ഷിയാസ് പറഞ്ഞു.
സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നാണ് കെ ജെ ഷൈൻ തനിക്കെതിരെ നടക്കുന്ന അധിക്ഷേപ പ്രചാരണങ്ങളിൽ പ്രതികരിച്ചത്. തന്നെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജ-കുപ്രചരണങ്ങള് നടക്കുകയാണ്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വെച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അവർ പറഞ്ഞിരുന്നു
കോൺഗ്രസ് ജീർണതയെ വ്യാജ പ്രചാരണം കൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്നാണ് എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് വ്യാജ പ്രചാരണ നീക്കങ്ങൾ നടത്തുന്നത്. സിപിഐഎമ്മിന്റെ ജനകീയ നേതാക്കന്മാരെ കരിവാരി തേക്കാനുള്ള പ്രചാരവേലയാണ് കോൺഗ്രസിലെ സോഷ്യൽ മീഡിയ സംഘം പ്രചരിപ്പിക്കുന്നത്. ഷൈൻ ടീച്ചറിന് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും സതീഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെയും അപവാദ പ്രചാരണങ്ങളെയും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനും വ്യക്തമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിന് അതിന്റെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീർത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികൾ സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Allegations against KJ Shine are part ofproblems in the CPIm says muhammad shiyas