ശബരിമലയിലെ സ്വര്‍ണപ്പാളി കേസ്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കായി താങ്ങുപീഠം നിര്‍മ്മിച്ചുനല്‍കിയിരുന്നെന്നും അതെവിടെയെന്ന് അറിയില്ലെന്നുമായിരുന്നു സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞത്

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി ഉള്‍പ്പെട്ട ലോഹത്തിന്റെ ഭാരം നാലര കിലോഗ്രാം കുറഞ്ഞതില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലന്‍സ് ഓഫീസര്‍ മൂന്നാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കായി താങ്ങുപീഠം നിര്‍മ്മിച്ചുനല്‍കിയിരുന്നെന്നും അതെവിടെയെന്ന് അറിയില്ലെന്നുമായിരുന്നു സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞത്. ആ താങ്ങുപീഠങ്ങള്‍ സ്‌ട്രോംഗ് റൂമിലുണ്ടോ എന്ന് പരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കി. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ പ്രതികരണം.

2019-ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണപ്പാളി വയ്ക്കാനായി കൊണ്ടുപോകുന്നതിന് മുന്‍പ് 42 കിലോ 800 ഗ്രാം ആയിരുന്നു ലോഹത്തിന്റെ ഭാരം. ഒന്നേകാല്‍ മാസത്തിന് ശേഷം ഭാരം 38 കിലോ 258 ഗ്രാമായി. 4 കിലോ 451 ഗ്രാം ഭാരം കുറഞ്ഞു. 2019-ന് മുന്‍പും സ്വര്‍ണാവരണമുളള പാളിയാണ് അതെന്നും രേഖകള്‍ പരിശോധിച്ച ശേഷം ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ദം ആണെങ്കില്‍ ഭാരം കുറയുന്നത് മനസിലാക്കാമെന്നും ലോഹത്തിന്റെ ഭാരം എങ്ങനെയാണ് കുറഞ്ഞതെന്നും ഹൈക്കോടതി ചോദിച്ചു.

ലോഹത്തിന്റെ ഭാര നഷ്ടം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ വിശദമായി പരിശോധിച്ച് മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സഹകരിക്കണം. സത്യം വെളിച്ചം കാണട്ടെയെന്നും ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പരാതിയില്ലെന്ന് സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വ്യക്തമാക്കിയിരുന്നു. താങ്ങുപീഠത്തില്‍ ഈയത്തിന്റെ അംശം ഉളളതുകൊണ്ടാകാം സ്വര്‍ണം നഷ്ടപ്പെട്ടതെന്നും ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കായി നിര്‍മ്മിച്ചുനല്‍കിയ താങ്ങുപീഠം എവിടെയെന്ന് അറിയില്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു.

Content Highlights: Vigilance probe ordered into loss of weight of gold plated metal at Sabarimala

To advertise here,contact us