മുതലമടയില്‍ ആദിവാസിയെ പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവം; പൊലീസിനെതിരെ ആരോപണവുമായി വെള്ളയൻ

തനിക്ക് നേരെ ഭീഷണിയുള്ളതായും വെള്ളയന്‍ പൊലീസില്‍ അറിയിച്ചെങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല

പാലക്കാട്: മുതലമടയില്‍ ആദിവാസിയെ കെട്ടിയിടുകയും പട്ടിണിക്കിട്ട് മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനമേറ്റ വെള്ളയന്‍. സംഭവത്തിലെ മുഖ്യപ്രതി പ്രഭുവിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നത് പൊലീസാണെന്ന് വെള്ളയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പൊലീസാണ് പ്രതിയെ സംരക്ഷിക്കുന്നത് എന്ന സംശയവും വെള്ളയന്‍ ഉയര്‍ത്തിയിട്ടുണ്ട്. തനിക്ക് നേരെ ഭീഷണിയുള്ളതായും വെള്ളയന്‍ പൊലീസില്‍ അറിയിച്ചെങ്കിലും അക്കാര്യത്തിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല.

അതേസമയം, കസ്റ്റഡിയിലെടുത്ത പ്രഭുവിന്റെ അമ്മയെ കേസില്‍ ജാമ്യത്തില്‍ വിട്ടതിനാല്‍ മുതലമടയില്‍ താമസിക്കാന്‍ പോലും തനിക്ക് പേടിയാണെന്ന് വെള്ളയന്‍ പറഞ്ഞു. 'പൊലീസുകാര്‍ കൈക്കൂലി വാങ്ങിയിരിക്കുകയാണ്. അവരെ പിടിക്കാന്‍ പൊലീസിന് കഴിയാത്തത് കൊണ്ടല്ല. എനിക്ക് എവിടെയും പോകാന്‍ പോലും കഴിയുന്നില്ല. പ്രഭുവിന്റെ അമ്മ കൂടി പുറത്തുവന്നാല്‍ ഇവിടെ ജീവിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. പൊലീസുകാര്‍ ഇങ്ങനെ ചെയ്താല്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കും.' വെള്ളയന്‍ കൂട്ടിച്ചേര്‍ത്തു.

തോട്ടത്തില്‍ നിന്നും ലഭിച്ച മദ്യം അനുവാദം വാങ്ങാതെ കുടിച്ചുവെന്ന് ആരോപിച്ച് അഞ്ചു ദിവസമാണ് വെള്ളയന്‍ എന്ന ആദിവാസിയെ മുതലമട ഊര്‍ക്കുളം വനമേഖലയിലെ ഫാംസ്റ്റേ ഉടമ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചത്. തോട്ടത്തില്‍ ഉണ്ടായിരുന്ന ബിയര്‍ ബോട്ടിലുകള്‍ എങ്ങനെ തന്റെ മുറിയില്‍ എത്തിയെന്ന് ചോദിച്ചായിരുന്നു ഫാംസ്റ്റേ ഉടമ പ്രഭു ഇരുട്ടുമുറിയിലിട്ട് മര്‍ദ്ദിച്ചതെന്ന് ക്രൂര പീഡനം നേരിട്ട വെള്ളയന്‍ റിപ്പോര്‍ട്ടിനോട് പറഞ്ഞിരുന്നു.

പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരം ഫാംസ്റ്റേയിലെ ജീവനക്കാരി ഉഷയും മര്‍ദ്ദിച്ചുവെന്നും തന്നെ തടവിലാക്കിയ വിവരം തിരുനാവുക്കരസ്സെന്ന ജീവനക്കാരന്‍ നാട്ടുകാരോട് പറഞ്ഞില്ലായിരുന്നെങ്കില്‍ ജീവനൊടെ രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നുന്നെന്നും വെള്ളയന്‍ വ്യക്തമാക്കിയിരുന്നു.

Content Highlight; Tribal man beaten up in Muthalamada; Vellayan alleges against the police

To advertise here,contact us