ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ശനിയാഴ്ച രാത്രി 12.50ഓടെയായിരുന്നു അപകടമുണ്ടായത്.

കോഴിക്കോട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രത്തിലെ സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. ഫുട്ട്പാത്തിലൂടെ നടക്കുന്നതിനിടയില്‍ ശനിയാഴ്ച രാത്രി 12.50ഓടെയായിരുന്നു അപകടമുണ്ടായത്. ജോലി കഴിഞ്ഞ് കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് അപകടം.

എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ കാര്‍ ജാഫറിനെയും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ അസീസിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അസീസ് രക്ഷപ്പെട്ടെങ്കിലും സാരമായി പരിക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

സിറാജ് പത്രത്തിന്റെ കണ്ണൂര്‍, മലപ്പുറം, ആലപ്പുഴ, കൊച്ചി ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈയടുത്താണ് ജാഫര്‍ കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. കണ്ണൂര്‍ മുണ്ടേരിമൊട്ട കോളില്‍മൂല സ്വദേശിയാണ്. പുതിയപുരയില്‍ അബ്ദുറഹീം-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ, സഹോദരി: റൈഹാനത്ത്.

Content Highlights: Siraj daily Journalist dies after being treated for injuries sustained in car crash

To advertise here,contact us