'ഗർഭം ചവിട്ടി കലക്കെടാ എന്ന് അമ്മായി അമ്മ, ഭർത്താവ് ഓടി വന്ന് വയറ്റത്ത് ചവിട്ടി'; ക്രൂരത വെളിപ്പെടുത്തി യുവതി

സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവും കുടുംബവും മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു

കൊല്ലം: കൊല്ലത്ത് ഗർഭിണിയായ യുവതിയെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചെന്ന് പരാതി. സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവും കുടുംബവും മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ചികിത്സയിലാണ്. സൈനികനായ ഭർത്താവിനും കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. ഗർഭം അലസിപ്പിക്കാൻ വയറ്റിൽ ചവിട്ടിയെന്നും പരാതിയിൽ പറയുന്നു.

ഇവർ ആറ് മാസം മുൻപാണ് വിവാഹിതരായത്. യുവതി ഒരു മാസം ഗർഭിണിയാണ്. 28 പവൻ സ്വർണ്ണവും 11 ലക്ഷം രൂപയും സൈനികന്റെ കുടുംബം കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നും കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ പീഡനം തുടങ്ങിയതാണെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞു.

'ഭർത്താവിന്റെ അച്ഛനും അമ്മയും പീഡിപ്പിച്ചു. ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചു. ഭർത്താവിന് ഈ വിവാഹത്തിന് താത്പര്യമില്ലായിരുന്നു. ബോഡി ഷെയിമിങ് ചെയ്യുമായിരുന്നു. എനിക്ക് വണ്ണം കൂടുതലാണെന്ന് പറയുമായിരുന്നു. മകൾ ഭർത്താവിനെ അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് 13-ാം ദിവസം എന്റെ വീട്ടിലേക്ക് വിളിച്ച് പറഞ്ഞു. ചെറിയ വിഷയങ്ങൾ പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കും. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ ഭർത്താവ് പറഞ്ഞത് ആരോടും പറയണ്ട എന്നായിരുന്നു. മകന്റെ ഗർഭമല്ല എന്നാണ് ഭർത്താവിന്റെ അമ്മ പറഞ്ഞത്. ചവിട്ടി കലക്കെടാ എന്ന് അമ്മായിയമ്മ മകനോട് പറഞ്ഞു. ഭർത്താവെന്റെ വയറ്റത്ത് ചവിട്ടി. സ്ത്രീധനമായി 28 പവൻ നൽകിയതാണ്. അത് പോരാ എന്നായിരുന്നു പറഞ്ഞത്. എന്നെ ഒരുപാട് ഉപദ്രവിച്ചു', യുവതി പറഞ്ഞു.

Content Highlights:Pregnant woman in Kollam complains of physical attack by husband

To advertise here,contact us