'ജന്മിത്ത കാലത്ത് സംബന്ധം കൂടാന്‍ നടക്കുന്നത് പോലുള്ള സമീപനമാണ്'; രാഹുല്‍ മാങ്കൂട്ടത്തിലിന് പരിഹാസം

ലൈംഗികാതിക്രമ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ശാന്തകുമാരി എംഎല്‍എ

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയത്തിനിടെ ലൈംഗികാതിക്രമ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ശാന്തകുമാരി എംഎല്‍എ. ജന്മിത്ത കാലത്ത് സംബന്ധം കൂടാന്‍ നടക്കുന്നത് പോലുള്ള സമീപനമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്നും സഭാ കവാടത്തിലല്ല യുഡിഎഫ് സമരം ചെയ്യേണ്ടത് പാലക്കാടാണെന്നും കെ ശാന്തകുമാരി പറഞ്ഞു.

'തലകുനിച്ചാണ് ഞങ്ങള്‍ ആന്ധ്രപ്രദേശിലെ സ്ത്രീ ശാക്തീകരണം സമ്മേളനത്തില്‍ പങ്കെടുത്തത്. സ്ത്രീ സമൂഹത്തിന് ആകെ നാണക്കേട് ഉണ്ടാക്കിയ സംഭവമാണ്. പാലക്കാട് നിന്ന് വരുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് നാണക്കേടാണ്. എത്ര വലിയ അപമാനമാണ്, പലയിടങ്ങളില്‍ നിന്നും പരാതി എത്തുന്നു. സ്ത്രീകളെ അപമാനിക്കുന്ന സമീപനമാണിത്.' കെ ശാന്തകുമാരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതിപ്രവാഹമാണ് . കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമാണ് നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. നടപടിക്ക് വിധേയനായ രാഹുലിനെ അനുഗമിച്ചത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതികളുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

'കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ വന്ന സ്ത്രീ പീഡനങ്ങളുടെ ആരോപണങ്ങള്‍. ആ സമയം പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയും എടുത്ത തീരുമാനങ്ങള്‍ കോണ്‍ഗ്രസ്സിന് ജനങ്ങളുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ അവസരം ഉണ്ടാക്കി. നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ ഒരു എംഎല്‍എ എന്ന നിലയില്‍ അദ്ദേഹത്തിന് സഭയില്‍ എത്താം. പക്ഷെ അതിന് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകില്ല എന്ന തീരുമാനം പാര്‍ട്ടിയുടെ സ്ത്രീപക്ഷ നിലപാടുകള്‍ക്ക് കിട്ടിയ അംഗീകാരമാണ്. എന്നാല്‍ രാഹുലിനോടൊപ്പം എത്തിയതും സഹായത്തിന് നിന്നതും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ആണ്. അത് തന്നെ പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് എന്ന് നാളെ ആരോപണം ഉയരും. അത് യൂത്ത് കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കൊപ്പമാണ് എന്ന സന്ദേശവും പൊതുസമൂഹത്തിന് നല്‍കും. ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ആയതിനാല്‍ ജില്ലാ പ്രസിഡന്റിനെതിരെ ശക്തമായ നടപടി പാര്‍ട്ടി കൈക്കൊള്ളണം എന്ന് താല്‍പര്യപ്പെടുന്നു', സണ്ണി ജോസഫിന് അയച്ച ഒരു പരാതിയില്‍ പറയുന്നു.

ആദ്യ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിലെത്തിയിരുന്നു. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുല്‍ സഭയില്‍ വന്നില്ല. ഇന്നും സഭയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭരണപക്ഷം വലിയ രീതിയില്‍ പരിഹസിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു പരോക്ഷമായി രാഹുലിനെതിരെയുള്ള പരിഹാസങ്ങള്‍ ഉയര്‍ന്നത്.

നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജും രംഗത്തെത്തിയത്. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്തത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎല്‍എമാര്‍ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു.

ഗോളാന്തര സിനിമയിലെ കഥാപാത്രത്തിന്റെ പേര് തെറ്റിച്ച് പറഞ്ഞ് സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എയും രാഹുലിനെ പരിഹസിച്ചു. 'ഗോളാന്തര സിനിമയിലെ രംഗമാണ് കുന്ദംകുളത്ത് ഇപ്പോള്‍ നടക്കുന്നത്. മമ്മൂട്ടി അഭിനയിച്ച പടത്തിലെ ഗുണ്ടയുടെ പേര് കാരക്കൂട്ടത്തില്‍ ദാസന്‍ എന്നാണ്. കൂട്ടത്തില്‍ എന്നല്ല, കൂട്ടില്‍ എന്നാണ്. ഇപ്പോള്‍ കൂട്ടത്തില്‍ കൂട്ടത്തില്‍ എന്ന് പറഞ്ഞ് അങ്ങനെ ആയതാണ്', സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടയിലായിരുന്നു സേവ്യറിന്റെ പരിഹാസം.

Content Highlight; K Shanthakumari MLA mocks Rahul Mangkootatil

To advertise here,contact us