'ആഗോള അയ്യപ്പ സംഗമം നടത്താം'; ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

എല്ലാ പരാതികളും ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു

ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസം. ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി നല്‍കിയിട്ടുണ്ട്. എല്ലാ പരാതികളും ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. തുടർന്ന് ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളുകയായിരുന്നു.

കര്‍ശന നിര്‍ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും ആഗോള അയ്യപ്പസംഗമം നടത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ശബരിമലയുടെ പവിത്രതയെ ബാധിച്ചുകൊണ്ടാകരുത് പരിപാടി സംഘടിപ്പിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണം. വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

സാധാരണഗതിയില്‍ ശബരിമലയില്‍ എത്തുന്ന വിശ്വാസി സമൂഹത്തിന് ലഭിക്കുന്ന അതേ പരിഗണനമാത്രമേ സംഗമത്തിന് എത്തുന്നവര്‍ക്കും നല്‍കാവൂ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പുണ്യപൂങ്കാവനമായി കണക്കാക്കപ്പെടുന്ന ശബരിമലയുടെ പരിസ്ഥിതിയെ ഇത് ഒരുതരത്തിലും ദോഷകരമായി ബാധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

Content Highlights: global ayyappa sangamam Supreme Court says it will not interfere with High Court order

To advertise here,contact us