തിരുവനന്തപുരം: എഐഎസ്എഫിന്റെ മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അരുൺ ബാബു പാർട്ടി അംഗത്വം സ്വീകരിച്ചു.
അരുൺ ബാബുവിന് പുറമെ മുൻ എസ്എഫ്ഐ നേതാവും സെനറ്റ് മെമ്പറുമായിരുന്ന പ്രഭാത് ജി പണിക്കർ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റായിരുന്ന മുല്ലൂർ മോഹനചന്ദ്രൻ നായർ, പ്രശസ്ത കാർഡിയോളജി വിദഗ്ധൻ ഡോ. രാജേഷ് രാജൻ, പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ. മാത്യൂ കോയിപ്പുറം, കേരളാ കോൺഗ്രസ് (ബി) സംസ്ഥാന - ജില്ലാ നേതാക്കളായ മനോജ് കുമാർ മാഞ്ചേരിൽ, ഹരിപ്രസാദ് ബി നായർ, ബിജയ് ആർ വരിക്കനല്ലിൽ, അമൽ കോട്ടയം, ജിജോ തോമസ്, വേണു വി ആർ എന്നിവരും ബിജെപിയിൽ ചേർന്നു.
വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനൊപ്പം ചേർന്ന് വികസിത കേരളം കെട്ടിപ്പടുക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടിയുള്ള വികസിത കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ആ ലക്ഷ്യത്തിന്റെ ഭാഗമാകാൻ ആര് വന്നാലും അവരെ സ്വീകരിക്കുമെന്നും കേരള ബിജെപി ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി അംഗത്വം സ്വീകരിച്ചവരുടെ ചിത്ര സഹിതമായിരുന്നു പോസ്റ്റ്.
Content Highlights: Former AISF state secretary J Arun Babu joins BJP