ഹരിപ്പാട് : ഏവൂർ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിൽ കലാമണ്ഡലം ഗോപി കുചേലനായെത്തിയ കുചേലവൃത്തം കഥകളിയാസ്വദിക്കാനെത്തിയതായിരുന്നു പൃഥ്വിനാഥ്. കഥകളിക്ക് ശേഷം നടന്ന കുട്ടികളിൽ നിന്നുള്ള നറുക്കെടുപ്പിൽ പൃഥ്വിക്ക് ലഭിച്ചത് ഒന്നേകാൽ ലക്ഷത്തിൻറെ സ്കൂട്ടർ. എരുവ പടിഞ്ഞാറ് പ്രഭാഷ് പാലാഴിയുടെയും പ്രീതിയുടെയും മകനായ പൃഥ്വിനാഥാണ് 1.25 ലക്ഷംരൂപ വിലവരുന്ന സ്കൂട്ടർ സമ്മാനമായി ലഭിച്ചത്. കഥകളി കാണാനെത്തിയ 21 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. കഥകളി തുടങ്ങുന്നതിനു മുൻപ് പേര് നൽകണമെന്നതായിരുന്നു വ്യവസ്ഥ. കഥകളി കഴിഞ്ഞപ്പോൾ കലാമണ്ഡലം ഗോപി നറുക്കെടുത്തു. വിജയിക്ക് അരങ്ങിൽത്തന്നെ സമ്മാനവും നൽകി. പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായ പൃഥ്വിനാഥ് കഴിഞ്ഞവർഷം കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. എരുവ കലാപീഠത്തിലെ വിദ്യാർഥിയും കലാമണ്ഡലം വിശാഖിന്റെ ശിഷ്യനുമാണ് പൃഥ്വിനാഥ്.
കഥകളി പ്രോത്സാഹിപ്പിക്കുന്ന സമാദരം ഇന്ത്യയാണ് 'ഗോപിയാശാന്റെ സമ്മാനം' എന്നപേരിൽ സമ്മാനപദ്ധതി നടപ്പാക്കിയത്. കുട്ടികളെ കഥകളിയിലേക്ക് ആകർഷിക്കുകയായിരുന്നു ലക്ഷ്യം. നൂറിലധികം കുട്ടികൾ പേരുനൽകി. എല്ലാവരും കഥകളികണ്ടു. അഷ്ടമിരോഹിണി കഥകളി ആരാധന നടത്തിവരുന്ന ഏവൂർ ശ്രീകൃഷ്ണഗീതാ സമിതിക്കൊപ്പം നിന്നു. മനോജ് മഞ്ഞാടിയിൽ മേൽനോട്ടം വഹിക്കുന്ന സമാദരം ഇന്ത്യയാണ് കലാമണ്ഡലം ഗോപിയാശാനെ ഏവൂരിലെ കളിയരങ്ങിലെത്തിച്ചത്.
Content Highlight; Enjoyed Kathakali; Prithvinath gets a scooter worth Rs. 1.25 lakh