ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയൻ സിപിഐഎമ്മിലേക്ക്; എം വി ഗോവിന്ദനെ കണ്ടു

ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ മാത്രം ഏൽപിച്ചതിൽ പ്രതിഷേധിച്ച് ബാഹുലേയൻ ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു

തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയൻ സിപിഐഎമ്മിലേക്ക്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എകെജി സെന്ററിലെത്തി ബാഹുലേയൻ കണ്ടു. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ മാത്രം ഏൽപിച്ചതിൽ പ്രതിഷേധിച്ച് ബാഹുലേയൻ ബിജെപിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച് രാജി പ്രഖ്യാപനം നടത്തിയിരുന്നു. ചതയ ദിനാഘോഷം നടത്താൻ ബിജെപി ഒബിസി മോർച്ചയെ ഏൽപിച്ച സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ച് താൻ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയൻ ഫേസ്ബുക്കിൽ കുറിച്ചത്.

ഗുരുദേവനെ അവഹേളിക്കാനും ഹിന്ദു സന്യാസിയാക്കി വർഗീയ മുതലെടുപ്പ് നടത്താനും ബിജെപി ശ്രമിച്ചെന്ന് എകെജി സെന്‍ററിലെത്തി എംവി ഗോവിന്ദനെ കണ്ടശേഷം ബാഹുലേയൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമാനങ്ങൾ തനിക്ക് പ്രശ്‌നമല്ല. ഗുരുദേവ ദർശനം കമ്യൂണിസ്റ്റ് പാർട്ടിയിൽക്കൂടി മാത്രമേ നിലനിൽക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയേയും മന്ത്രി വി ശിവൻകുട്ടിയേയും ബാഹുലേയൻ കണ്ടിരുന്നു. എസ്എന്‍ഡിപി യൂണിയന്റെ അസിസ്റ്റന്റ് സെക്രട്ടറികൂടിയാണ് ബാഹുലേയന്‍.

Content Highlights: BJP Leader KA Bahuleyan Joins CPIM

To advertise here,contact us