'യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമം'; മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ എ കെ ആന്റണി, വൈകിട്ട് വാർത്താസമ്മേളനം

നിയമസഭയിൽ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറയാനൊരുങ്ങി എ കെ ആന്റണി

തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറയാനൊരുങ്ങി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് കോൺഗ്രസ്‌ പ്രവർത്തക സമിതിയംഗം കൂടിയായ ആന്റണി വാർത്താസമ്മേളനം വിളിച്ചത്. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശിവഗിരിയിൽ പൊലീസ് നടത്തിയ അതിക്രമമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം.

എൽഡിഎഫ് കാലത്തെ കസ്റ്റഡി മർദനങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. അതിന് മറുപടിയായി കരുണാകരൻ, ആന്റണി സർക്കാരുകളുടെ കാലത്ത് നടന്ന പൊലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കടന്നാക്രമണം നടത്തി. അന്ന് ശിവഗിരിയിൽ പൊലീസ് നടത്തിയ അതിക്രമത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പിയെ ആന്റണി ന്യായീകരിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ ഇന്നലെയുയർന്നു. തനിക്ക് മർദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും വരെ മുഖ്യമന്ത്രി തുറന്നടിച്ചു.

അപ്രതീക്ഷിതമായി നേരിട്ട ആക്രമണത്തിന് സഭയ്ക്ക് അകത്തും പുറത്തും മറുപടി നൽകുകയാണ് പ്രതിപക്ഷ ലക്ഷ്യം. സഭയ്ക്കകത്ത് നിയമസഭാംഗങ്ങളും പുറത്ത് മുതിർന്ന നേതാക്കളും പ്രതിരോധം തീർക്കണമെന്നാണ് ധാരണ. ഇതിന്റെ ഭാഗമായാണ് തന്റെ കൂടി ഭരണകാലത്തെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ആന്റണി നേരിട്ടെത്തുന്നത്. ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ആന്റണി ഒറ്റയ്ക്ക് ഒരു രാഷ്ട്രീയ വാർത്താസമ്മേളനം വിളിച്ചുചേർക്കുന്നത്. 2015-ൽ അരുവിക്കര ഉപതെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഒറ്റയ്ക്ക് നടത്തിയ അവസാന വാർത്താ സമ്മേളനം. ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനും ഇന്ദിരാ ഭവനിൽ ആന്റണി തയ്യാറായേക്കും.

Content Highlights: AK Antony respond to the Chief Minister's allegations about police brutality during the UDF era

To advertise here,contact us