'സൈബര്‍ ആക്രമണം നടത്തുന്നത് ടീച്ചറുടെ മഹത്വമറിയാത്തവര്‍'; ലീലാവതി ടീച്ചറെ പിന്തുണച്ച് സാഹിത്യലോകം

ടീച്ചറെ ആക്രമിക്കുന്നത് മനുഷ്യത്വവിരുദ്ധമായ കാരണത്തിന്റെ പേരിലാണെന്നും അതാണ് കൂടുതൽ സങ്കടകരമെന്നും മീര റിപ്പോർട്ടറിനോട് പറഞ്ഞു

കൊച്ചി: സൈബർ ആക്രമണത്തിൽ സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിയെ പിന്തുണച്ച് സാഹിത്യലോകം. ലീലാവതി ടീച്ചറിന്റെ മഹത്വമോ മലയാള ഭാഷയ്ക്ക് ടീച്ചർ നൽകിയ സംഭാവനയോ തിരിച്ചറിയാത്തവരാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് എഴുത്തുകാരി കെ ആർ മീര പ്രതികരിച്ചു. ടീച്ചറെ ആക്രമിക്കുന്നത് മനുഷ്യത്വവിരുദ്ധമായ കാരണത്തിന്റെ പേരിലാണെന്നും അതാണ് കൂടുതൽ സങ്കടകരമെന്നും മീര റിപ്പോർട്ടറിനോട് പറഞ്ഞു.

സൈബർ ആക്രമണത്തിലൂടെ അത് നടത്തുന്നവരുടെ ഹിംസാത്മകതയാണ് പുറത്തുവരുന്നത്. ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ കാണിക്കുന്നത് കേവലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല. മനുഷ്യരാശിയുടെ നൈതികതയുടെയും നീതിയുടെയും പ്രശ്‌നമാണ്. പാരസ്പര്യത്തിൽ ജീവിക്കാനുള്ള സാഹചര്യത്തിന്മേലുള്ള ആക്രമണമാണത്. അതിനെ എതിർക്കുന്നതിന് പകരം അത് ചൂണ്ടിക്കാണിക്കുന്ന ടീച്ചറെ പോലെ ഏറ്റവും ആരാധ്യയായ ഒരു സ്ത്രീക്ക് നേരേ ആക്രമണം നടത്തുകയാണെന്നും മീര പറഞ്ഞു. മനുഷ്യരാശിയെ നിലനിർത്തിയ മാനവിക മൂല്യങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത്. അവരോട് പ്രതികരിച്ചിട്ട് കാര്യമില്ലെന്നും മീര വ്യക്തമാക്കി.

ലീലാവതി ടീച്ചറെ പിന്തുണച്ച് സാഹിത്യകാരൻ കെ എൽ മോഹനവർമ്മയും രംഗത്തുവന്നു. ആർക്കും എന്തും പറയാൻ കഴിയുന്ന സൈബർ ആക്രമണത്തിന്റെ കാലമാണിതെന്നായിരുന്നു മോഹനവർമ്മയുടെ പ്രതികരണം. ടീച്ചർ മനസ്സിലുള്ള കാര്യം സത്യസന്ധമായി തുറന്നു പറയുകയാണ് ചെയ്തത്. സൈബർ ആക്രമണത്തെ ഭയപ്പെടുകയല്ല വേണ്ടതെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണം സമൂഹത്തിന്റെ ജീർണ്ണതയുടെ തെളിവാണെന്നായിരുന്നു എഴുത്തുകാരി തനൂജ ഭട്ടതിരിയുടെ പ്രതികരണം. കുട്ടികളോടുള്ള കാരുണ്യം പോലും തിരിച്ചറിയാത്ത സമൂഹമാണ് ടീച്ചർക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. ഇത് അപലപനീയമാണെന്നും ടീച്ചറെ സ്‌നേഹിക്കുന്നവർക്ക് വേദനയുണ്ടാക്കുന്നതാണെന്നും തനൂജ ഭട്ടതിരി പറഞ്ഞു.

സൈബർ ആക്രമണത്തിൽ മഹാരാജാസ് കോളേജിലെ ലീലാവതി ടീച്ചറുടെ ശിഷ്യർ പ്രതിഷേധവുമായി രംഗത്തെത്തി. നടക്കുന്നത് നീചമായ സൈബർ ആക്രമണമാണ്. ടീച്ചറെയും മലയാളത്തെയും സ്‌നേഹിക്കുന്നവർക്ക് അത് കണ്ടു നിൽക്കാനാവില്ല. ടീച്ചറുടെ ശിഷ്യർ പ്രതിരോധം തീർക്കുമെന്ന് മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിഐസിസി ജയചന്ദ്രൻ പറഞ്ഞു.

അതേസമയം ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബുവിന്‍റെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും ആർ വി ബാബു പറഞ്ഞു.

'ഭക്ഷണത്തിനായി പാത്രവും നീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക' എന്നായിരുന്നു തന്റെ 98ാം പിറന്നാൾ ദിനത്തിൽ ലീലാവതി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ടീച്ചർക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടന്നത്. ഗാസയിൽ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്നം കണ്ടില്ലല്ലോയെന്നുമായിരുന്നു അധിക്ഷേപം. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് കാസയുടെയും കെ പി ശശികലയുടെയും അടക്കം പേജുകളിൽ ലീലാവതിക്കെതിരെ വലിയ രീതിയിലാണ് ആക്രമണം നടക്കുന്നത്.

എന്നാൽ വിമർശനങ്ങൾ തന്നെ ബാധിക്കാറില്ലെന്നായിരുന്നു സൈബർ ആക്രമണത്തെക്കുറിച്ചുള്ള ലീലാവതി ടീച്ചറുടെ പ്രതികരണം. എന്ത് വിമർശിച്ചാലും പ്രശ്നമില്ല. വലിയ വിമർശനങ്ങൾ ഏറ്റിട്ടുണ്ടെന്നും ലീലാവതി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. 'കുഞ്ഞുങ്ങൾക്ക് ജാതിയും മതവും വർണവുമില്ല. കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ മാത്രമാണ്. കുഞ്ഞുങ്ങൾക്ക് വിശക്കുന്നത് എനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവരുടെ അച്ഛനമ്മമാർ ആരെന്ന് ഞാൻ ആലോചിക്കാറില്ല. അത് എനിക്ക് പ്രസക്തമല്ല', എന്നാണ് ലീലാവതി പറഞ്ഞത്.



സൈബര്‍ ആക്രമണത്തെ അപലപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ലീലാവതി ടീച്ചര്‍ ഗാസയിലെ കുട്ടികള്‍ക്ക് വേണ്ടി പ്രതികരിച്ചത് നന്മ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. അത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയില്‍ സൈബര്‍ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: writers supports M Leelavathy teacher on cyber attack

To advertise here,contact us