തിരുവനന്തപുരം: പരിശോധന നടത്താനായി ഇറങ്ങിയ ട്രെയിന് മാനേജര്(ഗാര്ഡ്) അടിയില് നില്ക്കുമ്പോള് ട്രെയിന് നീങ്ങി. പെട്ടെന്ന് ട്രാക്കില് കമിഴ്ന്നുകിടന്നതിനാല് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ട് കോച്ചുകളാണ് മുന്നോട്ടുനീങ്ങിയത്. തിരുവനന്തപുരം കുണ്ടമണ്കടവ് സ്വദേശിനി ടി കെ ദീപയാണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ 9.15ന് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ കോച്ചിനടിയില് നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണ് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്ന്ന് ട്രെയിന് ചിറയിന്കീഴില് നിര്ത്തി. എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ദീപ ട്രെയിനിന് അടിയിലേക്ക് ഇറങ്ങി. പരിശോധനയ്ക്ക് ഇടയില് ട്രെയിന് മുന്നോട്ട് എടുക്കുകയായിരുന്നു.
ഞൊടിയിടയില് ട്രാക്കില് കമിഴ്ന്ന് കിടന്നതുമൂലമാണ് ദീപയ്ക്ക് ജീവന് രക്ഷിക്കാനായത്. ഇതിനിടയില് വോക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാന് ദീപ ശ്രമിച്ചിരുന്നതായും കണ്ടുനിന്നവര് പറഞ്ഞു. ആളുകള് ഉച്ചത്തില് ബഹളം വച്ചതോടെയാണ് ട്രെയിന് നിര്ത്തിയത്. സ്റ്റേഷനിലെ ഗേറ്റ് കീപ്പര് എത്തിയാണ് ദീപയെ പുറത്തെത്തിച്ചത്.
ട്രാക്കില് വീണ് ദീപയുടെ കാല്മുട്ടിന് പരിക്കേറ്റിട്ടുണ്ട്. ഡ്യൂട്ടി തുടര്ന്ന ദീപയെ കൊല്ലത്ത് റെയില്വേ ആശുപത്രിയിലും പിന്നീട് പേട്ടയിലെ റെയില്വേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു ഗാര്ഡിനെ നിയോഗിച്ച ശേഷമാണ് നേത്രാവതി പിന്നീട് സര്വീസ് തുടര്ന്നത്. സംഭവത്തെപ്പറ്റി റെയില്വേ അന്വേഷണം ആരംഭിച്ചു.
Content Highlights: The train moved while the was standing underneath to inspect the train