കേരളത്തില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം പാടില്ല; ഓരോ ചുവടും കരുതലോടെ വയ്ക്കണമെന്ന് എം എ ബേബി

'പൊലീസില്‍ പലതരം ആളുകളുണ്ട്. അതുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിനെ പര്‍വതീകരിക്കുന്നത് ശരിയല്ല': എം എ ബേബി പറഞ്ഞു

ന്യൂഡല്‍ഹി: കേരളത്തില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം പാടില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി. തുടര്‍ഭരണം ഉണ്ടാകാനുളള സാഹചര്യമാണ് കേരളത്തിലെന്നും ഓരോ ചുവടും കരുതലോടെ വെയ്ക്കണമെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന പൊലീസ് മര്‍ദന വിവാദങ്ങളിലും എം എ ബേബി പ്രതികരിച്ചു.

'രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. ഇപ്പോള്‍ പൊലീസില്‍ ചില പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങള്‍ ഇടതുപക്ഷത്തിന്റെ പൊലീസ് നയമല്ല. നയവ്യതിയാനം ഉണ്ടായിട്ടുണ്ട്. പൊലീസില്‍ പലതരം ആളുകളുണ്ട്. അതുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിനെ പര്‍വതീകരിക്കുന്നത് ശരിയല്ല', എം എ ബേബി പറഞ്ഞു.

പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്‌നവും കേരള സര്‍ക്കാരിന്റെ ഭാഗത്തില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

പൊലീസിനെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന്  എം എ ബേബി നേരത്തെ പറഞ്ഞിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും എം എ ബേബി പറഞ്ഞു. സിപിഐഎം നിയമിച്ച പൊലീസ് അല്ല, സ്ഥിരം സംവിധാനം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: The party in Kerala should not be overconfident: MA Baby

To advertise here,contact us