ശബരിമലയിൽ വിഗ്രഹത്തിനായുള്ള സ്വകാര്യവ്യക്തിയുടെ പണപിരിവ്; അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കണം: ഹൈക്കോടതി

പണപ്പിരിവ് നടത്തിയ സ്വകാര്യ വ്യക്തിയില്‍ നിന്ന് പിടിച്ചെടുത്ത തുക മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹത്തിനായുള്ള പണപിരിവ് കേസിലെ അന്വേഷണം നാല് മാസത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. പണപ്പിരിവ് നടത്തിയ സ്വകാര്യ വ്യക്തിയില്‍ നിന്ന് പിടിച്ചെടുത്ത തുക മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി പമ്പ പൊലീസിന് നിര്‍ദേശം നല്‍കി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ സ്വകാര്യവ്യക്തി പണപ്പിരിവ് നടത്തിയെന്ന സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാനായി 60 ലക്ഷത്തോളം രൂപയാണ് സ്വകാര്യ വ്യക്തി പിരിച്ചെടുത്തത്. പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി തുടരേണ്ടതില്ലെന്നും ഹൈക്കോടതി തീരുമാനിച്ചു.

ഈറോഡ് സ്വദേശി ഇ കെ സഹദേവന്‍ ആണ് വിഗ്രഹം സ്ഥാപിക്കാന്‍ തമിഴ്നാട്ടില്‍ പണപ്പിരിവ് നടത്തിയത്. തമിഴ്നാട്ടില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ ബാങ്ക് അക്കൗണ്ട് നമ്പറും ക്യുആര്‍ കോഡും മൊബൈല്‍ നമ്പറും പ്രിന്റ് ചെയ്തിരുന്നു. എന്നാല്‍ വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി ലഭിച്ചെന്ന സ്വകാര്യ വ്യക്തിയുടെ അവകാശവാദം ഗൗരവതരമെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്. എന്നാല്‍ വിഗ്രഹം സ്ഥാപിക്കാനോ പണം പിരിക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് ദേവസ്വം ബെഞ്ചിനെ അറിയിക്കുകയായിരുന്നു.

Content Highlights: Sabarimala idol Money Collecting Case Investigation must be completed within four months High Court

To advertise here,contact us