കോതമംഗലം: സ്വകാര്യ ബസ് ബൈക്കിനു പിന്നിലിടിച്ച് കോണ്ഗ്രസ് നേതാവിന് ഗുരുതര പരിക്ക്. കീരംപാറ ഊഞ്ഞാപ്പാറ മുരിയന്ചേരി നഗറില് ചെങ്ങമനാട്ട് വീട്ടില് സി.ജെ. എല്ദോസ് (68) ആണ് അപകടത്തില്പ്പെട്ടത്. സംഭവത്തില് സാരമായി പരിക്കേറ്റ എല്ദേസിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് അപകടം നടന്നത്.
മലയിന്കീഴ്-കോഴിപ്പിള്ളി ബൈപ്പാസ് റോഡില് എല്ദോസ് സഞ്ചരിച്ച ബൈക്കിനു പിന്നില് ബസ് ഇടിക്കുകയായിരുന്നു. ഇതേതുടർന്ന് റോഡിലേക്ക് തെറിച്ചുവീണ എൽദോസ് രക്തംവാര്ന്ന് കിടക്കുകയായിരുന്നു. അതുവഴി കാറില്വന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറും അംഗങ്ങളും ചേര്ന്നാണ് റോഡില് വീണുകിടന്ന എല്ദോസിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചത്. കുട്ടംപുഴ പഞ്ചായത്ത് മുന് പ്രസിഡന്റായിരുന്ന എല്ദോസ് കോണ്ഗ്രസ് കവളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റും എന്റെ നാട് ഹൈപ്പവര് കമ്മിറ്റിയംഗം, വീക്ഷണം ലേഖകന്, എല്ഐസി ഏജന്റ് എന്നീനിലകളില് പ്രവര്ത്തിച്ചുവരികയായിരുന്നു.
ബസിന് അടിയില്കിടന്ന ബൈക്ക് പിന്നീട് പൊലീസ് എത്തിയാണ് നീക്കംചെയ്തത്. തലയ്ക്ക് സാരമായി പരിക്കേറ്റ് ആലുവാ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചിരിക്കുന്ന എല്ദോസിനെ വൈകീട്ട് മണിക്കൂറുകള്നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വെന്റിലേറ്റര് സഹായത്തോടെകഴിയുന്ന എല്ദോസ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതരില്നിന്നും ലഭിച്ച വിവരം.
Content Highlight; Private bus hits bike in Kothamangalam; Congress leader seriously injured