ടി എന്‍ പ്രതാപന്റെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ നടപടിയില്ല; രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തല്‍

രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തില്‍ ആലോചന നടത്താമെന്നും പൊലീസ്

തൃശ്ശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖയുണ്ടാക്കി തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയതോടെയാണ് കേസെടുക്കില്ലെന്ന് പൊലീസ് പരാതിക്കാരനെ അറിയിച്ചത്. ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു. ജില്ലാ ഭരണകൂടത്തില്‍ നിന്നോ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നോ രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തില്‍ ആലോചന നടത്താമെന്നും പൊലീസ് വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ടി എന്‍ പ്രതാപന്‍റെ പരാതി. തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയാണ് തൃശൂര്‍ നിയമസഭാ മണ്ഡത്തിലെ 115 ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചേര്‍ത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ടി എന്‍ പ്രതാപന്‍ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതിയിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലവിൽ അറിയിച്ചിരിക്കുന്നത്.

'പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറില്‍ സ്ഥിര താമസക്കാരാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം ഡിവിഷനില്‍ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകള്‍ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേ പടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണ്.' പ്രതാപന്‍റെ പരാതിയിൽ പറഞ്ഞിരുന്നു.

സുരേഷ് ഗോപി 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിട്ടാണ് 115 ആം നമ്പര്‍ ബൂത്തില്‍ ഏറ്റവും അവസാനമായി വോട്ട് ചേര്‍ത്തത്. വോട്ട് ചേര്‍ക്കുമ്പോള്‍ സ്ഥിര താമസക്കാരനാണെന്ന രേഖയും സത്യപ്രസ്താവനയും രേഖയും നല്‍കണം. ശാസ്തമംഗലം ഡിവിഷനില്‍ സ്ഥിര താമക്കാരനായ സുരേഷ് ഗോപി തൃശൂരില്‍ നല്‍കിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയത് അസത്യ പ്രസ്താവനയാണ്. ഇതേ മാര്‍ഗ്ഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുള്‍പ്പെടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തില്‍ ചേര്‍ത്തതെന്നും ടി എന്‍ പ്രതാപന്‍ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതുകൊണ്ട് തന്നെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ചും സുരേഷ് ഗോപിയും കുടുംബവും ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ടി എന്‍ പ്രതാപന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നത്.

Content Highlight; No case against Suresh Gopi on voters list complaint

To advertise here,contact us