'സമരങ്ങളെ തടഞ്ഞാല്‍ തലയടിച്ചുപൊട്ടിക്കും'; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുമായി കെഎസ്‌യു നേതാവ്

കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് അതിക്രമങ്ങള്‍ക്ക് എതിരെ കോഴിക്കോട് സംഘടിപ്പിച്ച സമരത്തിലാണ് പ്രസംഗം

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി കെഎസ്‌യു നേതാവ്. കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജിന്റേതാണ് ഭീഷണി. സമരങ്ങള്‍ തടയാന്‍ വന്നാല്‍ തലയടിച്ച് പൊട്ടിക്കുമെന്നാണ് പ്രകോപന പ്രസംഗം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അതിക്രമങ്ങള്‍ക്ക് എതിരെ കോഴിക്കോട് സംഘടിപ്പിച്ച സമരത്തിലാണ് പ്രസംഗം. സമരത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാവ്.

കുറ്റ്യാടി സിഐയായ കൈലാസനാഥന്‍, എസിപിയായിരുന്ന ബിജുരാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇരുവരും ഇനി ഏതെങ്കിലും സമരമുഖത്തേക്ക് കടന്നുവന്നാല്‍ തലയടിച്ച് പൊട്ടിക്കാന്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ തയ്യാറാകുമെന്നതില്‍ സംശയം വേണ്ടെന്നാണ് കെഎസ് യു നേതാവിന്റെ ഭീഷണി.

തൃശ്ശൂരിലെ മുള്ളൂര്‍ക്കരയില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തിലും വി ടി സൂരജ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരാണ് പൊലീസ്. അധികാരത്തിന്റെ സംരക്ഷണം ഉണ്ടായാലും ഇല്ലെങ്കിലും ഈ മാനസിക വിഭ്രാന്തി പിടിച്ച പൊലീസ് ഉദ്യോഗസ്ഥരെ മനസമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കാനാവില്ലെന്നും വി ടി സൂരജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

വി ടി സൂരജ് അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്-

മറക്കില്ല പൊറുക്കില്ല പൊലീസേ…..

രാജ്യദ്രോഹികളോ തീവ്രവാദികളോ അല്ലകൈ വിലങ്ങണിയിച്ച് മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത് ഡിവൈഎഫ്‌ഐക്കാരുടെ കള്ള പരാതിയില്‍ കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്യപ്പെട്ട കെഎസ്യു പ്രവര്‍ത്തകരെയാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഓരോ പോലീസ് തെമ്മാടികളോടുമാണ് മറക്കാതെ ഓര്‍ത്തുവയ്ക്കും അധികാരത്തിന്റെ സംരക്ഷണം ഉണ്ടായാലും ഇല്ലെങ്കിലും ഈ മാനസിക വിഭ്രാന്ത് പിടിച്ച പോലീസ് ഉദ്യോഗസ്ഥരെ മനസമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കാനാവില്ല. തെരുവിലിട്ട് കൈകാര്യം ചെയ്യണം. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കയക്കണം അതിനു തയ്യാറായില്ലെങ്കില്‍ നിയമപരിപാലനത്തിന് നാട്ടിലും റോട്ടിലും ഇറങ്ങുമ്പോള്‍ പോലീസ് ആണെന്ന് മറന്നു ആരെങ്കിലും കൈകാര്യം ചെയ്താല്‍ അത് വരവ് വെച്ചേക്കണം….

Content Highlights: KSU Kozhikode district President VT Sooraj Threat speech against Police

To advertise here,contact us