നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി; ഖത്തറും യുഎഇയും സന്ദർശിക്കാം

ഈ മാസം 19 മുതൽ അടുത്ത മാസം 18 വരെയാണ് വിദേശയാത്രയ്ക്ക് അനുമതിയുള്ളത്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. ഈ മാസം 19 മുതൽ അടുത്ത മാസം 18 വരെയാണ് വിദേശയാത്രയ്ക്ക് അനുമതിയുള്ളത്.

ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്. സിനിമ ഷൂട്ടിങ്ങിനും മറ്റ് പരിപാടികളിലും പങ്കെടുക്കാം. എന്നാൽ യാത്രയ്ക്കുശേഷം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്നാണ് വ്യവസ്ഥ. യുഎഇയിൽ ഈ മാസം 19 മുതൽ 24 വരെയും ഖത്തറിൽ അടുത്ത മാസം 13 മുതൽ 18 വരെയും സിദ്ദിഖിന് യാത്ര ചെയ്യാം. യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ പോകുന്നതിന് തനിക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവ നടിയെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി. പിന്നാലെ കർശന ഉപാധികളോടെ തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റ് കോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകാൻ പാടില്ലെന്നും പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കണം എന്നടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.

Content Highlights: actresses complaint; Actor Siddique granted permission to travel abroad

To advertise here,contact us