തൃശൂര്: നിവേദനം മടക്കുന്ന വീഡിയോയ്ക്ക് ന്യായീകരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഒരു പൊതുപ്രവര്ത്തകനായ തനിക്ക് എന്ത് ചെയ്യാന് കഴിയുമെന്നും കഴിയില്ല എന്നതിനെ കുറിച്ചും കൃത്യമായ ധാരണയുണ്ടെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില് കുറിച്ചു. ഇതിനെ ചിലര് സ്വന്തം രാഷ്ട്രീയ അജണ്ടകള്ക്കായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'പാലിക്കാനാകാത്ത വാഗ്ദാനങ്ങള് ഞാന് നല്കാറില്ല. ജനങ്ങള്ക്ക് വ്യാജ പ്രതീക്ഷകള് നല്കുന്നത് എന്റെ ശൈലി അല്ല. ഭവനനിര്മ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാല് അത്തരം അഭ്യര്ത്ഥനകള് ഒരാള്ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സര്ക്കാര് തന്നെ വിചാരിക്കണം. എന്റെ ശ്രമങ്ങള് എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളില് പ്രവര്ത്തിച്ച്, ജനങ്ങള്ക്ക് യഥാര്ത്ഥ നേട്ടങ്ങള് എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്', സുരേഷ് ഗോപി പറഞ്ഞു.
ഈ സംഭവത്തിലൂടെ മറ്റൊരു പാര്ട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാന് മുന്നോട്ട് വന്നത് തനിക്ക് സന്തോഷമാണെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും താന് കാരണം അവര്ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോയെന്നും കഴിഞ്ഞ 2 കൊല്ലങ്ങളായി ഇത് കണ്ടുകൊണ്ടിരുന്ന ആളുകള് താന് കാരണം എങ്കിലും ഇപ്പൊള് വീട് വെച്ച് നല്കാന് ഇറങ്ങിയല്ലോയെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ പോരാട്ടങ്ങളില് രാഷ്ട്രീയ കളികള്ക്കല്ല, യഥാര്ത്ഥ പരിഹാരങ്ങള്ക്കാണ് സ്ഥാനം എന്നാണ് വിശ്വാസമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്ത്തു.
സുരേഷ് ഗോപി നിവേദനം മടക്കിയ കൊച്ചു വേലായുധന് സിപിഐഎം വീട് വെച്ച് നല്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു സിപിഐഎം തൃശൂര് ജില്ലാ സെക്രട്ടറി കെ വി അബ്ദുല്ഖാദറാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മന്ത്രിയും തൃശൂര് എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവര് തുറന്നു പോലും നോക്കാതെ 'നിവേദനം സ്വീകരിക്കലല്ല എംപിയുടെ പണി'എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചു വേലായുധന്റെ വീട് സിപിഐഎം നിര്മ്മിച്ച് നല്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തനിക്ക് നിവേദനം നല്കാനെത്തിയ കൊച്ചു വേലായുധനെ മടക്കി അയക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ദൃശ്യം സോഷ്യല് മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്ച്ചയായിരുന്നു. സംവാദം നടന്നുകൊണ്ടിരിക്കേയാണ് കൊച്ചു വേലായുധന് നിവേദനവുമായി വന്നത്. നിവേദനം ഉള്ക്കൊള്ളുന്ന കവര് സുരേഷ് ഗോപിക്ക് നീട്ടിയപ്പോള് 'ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തില് പറയൂ' എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്. ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില് മാത്രമാണോ എംപി ഫണ്ട് നല്കുക എന്ന് ചോദിക്കുമ്പോള് അതെ പറ്റുന്നുള്ളൂ ചേട്ടാ എന്ന് എംപി പറയുന്നതും വീഡിയോയില് കേള്ക്കാം.
കൊച്ചു വേലായുധന് നിവേദനവുമായി വരുമ്പോള് സുരേഷ് ഗോപിയുടെ തൊട്ടടുത്ത് ഇരുന്ന മറ്റൊരു വയോധികനും തന്റെ കയ്യിലുള്ള നിവേദനം നല്കാനായി തയ്യാറെടുക്കുന്നത് കാണാം. എന്നാല് നിവേദനം നല്കിയ വയോധികന് ഈ തരത്തിലുള്ള സ്വീകരണം ലഭിച്ചതോടെ തന്റെ കയ്യിലുള്ള നിവേദനം പിന്നിലേക്ക് ഒളിപ്പിക്കുന്നതും വീഡിയോയില് കാണാം. വലിയ ചര്ച്ചയാണ് ഈ ദൃശ്യങ്ങള് ഉണ്ടാക്കിയത്. പുള്ളിലും ചെമ്മാപ്പള്ളിയിലും നടന്ന സദസ്സില് സുരേഷ് ഗോപിക്കൊപ്പം നടനും ബിജെപി നേതാവുമായ ദേവന്, സംവിധായകന് സത്യന് അന്തിക്കാടും പങ്കെടുത്തിരുന്നു.
Content Highlights: Suresh Gopi about viral video which denied petition