കോഴിക്കോട്: പത്തുദിവസം മുൻപ് കോടഞ്ചേരിയിൽ നിന്ന് കാണാതായ ആദിവാസി വിദ്യാർത്ഥിയെ തമിഴ്നാട്ടില് നിന്ന് കണ്ടെത്തി. മധുരയിൽ ഉണ്ടെന്നറിയിച്ച് കുട്ടി വിളിച്ചതായി പിതാവ് പറഞ്ഞു. കോടഞ്ചേരി പൊലീസ് മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുണ്ടക്കുന്ന് ഉന്നതിയിലെ താമസക്കാരനായ 14 കാരൻ വിജിത് വിനീതിനെ തിരുവോണദിവസം മുതലാണ് കാണാതായത്. കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് വിജിത്.
തിരുവോണനാളിൽ രാവിലെ പതിനൊന്ന് മണിയോടെ വീട്ടിൽ നിന്നും കൂട്ടുകാർക്കൊപ്പം പോയ വിജിത് താമരശേരിയിലെ സിനിമാ തിയറ്ററിലും വൈകിട്ടോടെ ഈങ്ങാപ്പുഴയിലും പോയതായി കണ്ടെത്തിയിരുന്നു. ആറുമണിയോടെ താമരശേരി ചുങ്കത്ത് എത്തിയതായും സ്ഥിരീകരിച്ചിരുന്നു. രാത്രി എട്ടുമണിയോടെ ഓമശേരി ബസ് സ്റ്റാൻഡ് പരിസരത്ത് കുട്ടി എത്തിയതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
എന്നാൽ ഇവിടെനിന്നും കുട്ടി എങ്ങോട്ടുപോയി എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
Content Highlights: Missing tribal student from Kodancherry is reported to be in Tamil Nadu