നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം;ഡിജിറ്റൽ മീഡിയാ സെല്ലിന്റെ പങ്ക് അന്വേഷിക്കും:ചുമതല വി ടി ബൽറാമിന്

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണമെന്ന് കെപിസിസി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് തീരുമാനം. ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ പങ്കാളിത്തമാണ് അന്വേഷിക്കുക. വി ടി ബല്‍റാമിനാണ് അന്വേഷണ ചുമതല. നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണമെന്ന് കെപിസിസി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. സൈബര്‍ ആക്രമണം ഗുണം ചെയ്യില്ലെന്ന് കെ മുരളീധരന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. നേതാക്കള്‍ക്കെതിരെയുളള സൈബര്‍ ആക്രമണം നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ നേതാക്കള്‍ക്ക് ക്ലാരിറ്റി ഇല്ലെന്ന വിമർശനവും യോഗത്തില്‍ ഉയർന്നു. പ്രതിപക്ഷ നേതാവ് മാത്രമാണ് നിലപാട് ആവര്‍ത്തിക്കുന്നതെന്നും പൊതുസമൂഹത്തില്‍ സംശയത്തിന് അത് വഴിയൊരുക്കുന്നുണ്ടെന്നുമാണ് വിമര്‍ശനം. പല നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.

കെപിസിസി യോഗത്തില്‍ രാഹുല്‍ വിവാദം പരാമര്‍ശിക്കാന്‍ വി ഡി സതീശന്‍ തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറിന്റെ സാന്നിധ്യം കെസിപിസി യോഗത്തില്‍ ചര്‍ച്ചയായി. ഷജീറിന്റെ സാന്നിധ്യം നേതാക്കളുടെ പിന്തുണയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും യോഗത്തില്‍ വിമര്‍ശനം.

ലൈംഗിക ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് നിയമസഭയിലെത്തിയിരുന്നു. നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.

നിയമസഭയിൽ നിന്ന് പുറത്തിറങ്ങിയ രാഹുൽ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലെന്നും ആണെന്നും മറുപടി പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറി. ഗര്‍ഭഛിദ്ര ഓഡിയോ നിങ്ങളുടേതാണോ? അല്ലെങ്കില്‍ അല്ലെന്ന് പറയൂ, എന്തിനാണ് ഒളിച്ചോടുന്നത് തുടങ്ങിയ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രാഹുല്‍ പോകുകയായിരുന്നു. തനിക്ക് പറയാനുള്ള വിഷയങ്ങള്‍ മാത്രമായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തയ്‌ക്കെതിരെയും രാഹുല്‍ പ്രതികരിച്ചു.

Content Highlights: Investigation in cyber attacks against congress leaders: VT Balram in charge

To advertise here,contact us