തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല് മാങ്കൂട്ടത്തില് രാജിവെച്ച് ഒരു മാസമാകുമ്പോഴും പകരം ചുമതല നല്കാത്തതില് പ്രതിഷേധം. പകരം ചുമതല നല്കാന് കഴിയാത്ത വിധം ദുര്ബലമാണോ യൂത്ത് കോണ്ഗ്രസ് നേതൃത്വമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്സിന് കാതിയോട് ഫേസ്ബുക്കില് കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ വികാരങ്ങള് പ്രതിഫലിപ്പിക്കേണ്ട യുവജന സംഘടന നാഥനില്ലാതെ അനാഥമായിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
'ഗ്രാമ നഗര വ്യത്യാസമില്ലാതെ ഇടപെടുന്ന മനുഷ്യരെല്ലാം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്ഡിഎഫ് സര്ക്കാരിന് എതിരെയാണ്, പക്ഷെ അവരുടെ വികാര വിചാരങ്ങള് പ്രതിഫലിപ്പിക്കേണ്ട യുവജന സംഘടന നാഥനില്ലാതെ അനാഥമായിരിക്കുന്നു. ഭരണം പിടിക്കണം, മന്ത്രിയും മുഖ്യമന്ത്രിയും ആവണം. യൂത്ത് കോണ്ഗ്രസിന് ഒരു അധ്യക്ഷനെ വെക്കാന് ആഴ്ചകള് കഴിഞ്ഞിട്ടും എന്ത് കൊണ്ടാണ് നേതൃത്വത്തിനു കഴിയാത്തത്. നാട്ടിന് പുറത്തു ഒരു ചൊല്ലുണ്ട് അട്ടത്ത് കേറി ഒളിക്കുകയും വേണം രക്തസാക്ഷി ആയി മരിക്കുകയും വേണം എന്ന മനോഭാവമാണ് ഇതിന് കാരണം', മുഹ്സിന് പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാജി വെച്ചതിന് ശേഷമാണ് ചൊവ്വന്നൂര് മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് സുജിത്തിനെ പൊലീസ് ക്രൂരമായി മര്ദ്ദിക്കുന്ന ദൃശ്യം പുറത്ത് വന്നതെന്നും അതിന് ശേഷം പിണറായി പൊലീസിന്റെ ക്രൂരതയുടെ ദൃശ്യങ്ങളും വാര്ത്തയും നിരന്തരം ചര്ച്ചയായെന്നും അതിനെതിരെ രൂക്ഷമായ സമരം ഉയര്ത്തേണ്ട യൂത്ത് കോണ്ഗ്രസിന് അധ്യക്ഷനെ വെക്കാന് കഴിയാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
'കോണ്ഗ്രസിന്റെ മുഖങ്ങളായ നേതാക്കളെ ടാര്ഗറ്റ് ചെയ്ത് പൊതുമധ്യത്തില് അപമാനിക്കാന് സിപിഐഎമ്മും ഡിവൈഎഫ്ഐയും ശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ അവസാന തെളിവ് ആണ് കല്പ്പറ്റ എംഎല്എ ടി സിദ്ദിഖിന്റെ ഓഫീസ് ആക്രമിച്ചത്. അതിനെ പ്രതിരോധിക്കേണ്ട യൂത്ത് കോണ്ഗ്രസിനെ നിശബ്ദമാക്കി എങ്ങനെയാണ് നമ്മള് ഭരണം നേടുക. രാഹുല് മാങ്കൂട്ടത്തില് രാജി വെച്ചതിന് ശേഷം യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ഓണ്ലി ആക്കിയത് ആണ്. ഇതുവരെ അതില് ഒരു ചര്ച്ച പോലും അനുവദിക്കാതിരിക്കുകയാണ്, ഇത്രയും നിര്ണായക സമയത്ത് ദേശീയ യൂത്ത് കോണ്ഗ്രസ് ഇടപെട്ട് എത്രയും പെട്ടെന്ന് അധ്യക്ഷനെ പ്രഖ്യാപിക്കണം', എന്നും മുഹ്സിന് കാതിയോട് പറഞ്ഞു.
Content Highlights: Criticism for not placing the Youth Congress State President