പേരൂർക്കടയിലെ വ്യാജ മോഷണ പരാതി; ഇരയാക്കപ്പെട്ട ബിന്ദു പ്യൂൺ ആയി ജോലിയിൽ പ്രവേശിച്ചു

ബിന്ദുവിനെ സ്കൂൾ അധികൃതർ നേരത്തെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു

തിരുവനന്തപുരം: പേരൂർക്കടയിൽ വ്യാജ മോഷണക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദു ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്. പ്യൂൺ ആയിട്ടാണ് നിയമിച്ചത്. ബിന്ദുവിനെ സ്കൂൾ അധികൃതർ നേരത്തെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. പേരൂർക്കടയിലേത് വ്യാജ മാലമോഷണക്കേസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മാല മോഷണം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

പൊലീസ് കഥ മെനയുകയായിരുന്നു. ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥർ കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായി. മനുഷ്യാവകാശ കമ്മീഷന് ലഭിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാല കിട്ടിയത് പരാതിക്കാരിയായ ഓമന ഡാനിയേലിന്റെ വീട്ടിൽ നിന്ന് തന്നെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മറവി പ്രശ്നമുള്ള വീട്ടുടമ ഓമന മാല വീട്ടിനുള്ളിൽ വെയ്ക്കുകയായിരുന്നു.

ഇതാണ് പിന്നീട് കണ്ടെത്തിയത്. മാല വീടിന് പുറത്ത് വേസ്റ്റ് കൂനയിൽ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇത് പൊലീസ് മെനഞ്ഞ കഥയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കേസ് അന്വേഷിച്ച പേരൂർക്കട എസ്ഐ പ്രസാദ് അടക്കമുള്ളവർക്കെതിരെ കർശന നടപടി വേണമെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 23-നായിരുന്നു സംഭവം നടന്നത്. നെടുമങ്ങാട് സ്വദേശിനിയായ ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതാവുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. പൊലീസിൽ നിന്ന് നേരിട്ടത് കടുത്ത പീഡനമാണെന്ന് ബിന്ദു പറഞ്ഞിരുന്നു. വിവസ്ത്രയായി പരിശോധിച്ചുവെന്നും അടിക്കാൻ വന്നുവെന്നുമടക്കമുള്ള ആരോപണവും ബിന്ദു ഉന്നയിച്ചിരുന്നു.

Content Highlights: Bindhu who was framed in a fake theft case in Peroorkada joined as peon in school

To advertise here,contact us