കൊച്ചി: കേസരിയിൽ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തിനെതിരെ പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കോണ്ഗ്രസിലെ കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കാനാണ് കെ സി വേണുഗോപാൽ ആദ്യം ശ്രമിക്കേണ്ടതെന്നും കുറുക്കനെ അന്വേഷിച്ച് നടക്കുന്നതിന് പകരം അതാണ് ചെയ്യേണ്ടതെന്നും മുരളീധരന് പരിഹസിച്ചു.
കെഎസ്യുക്കാരെ മുഖം മൂടി ഇട്ട് നടത്തിച്ച പൊലീസിനെതിരെ മിണ്ടാതെ ഇരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലത്തിൽ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു. രാജ്യത്ത് സ്ത്രീ സുരക്ഷയാണ് പ്രധാനം. ഈ കോഴികളെ പേടിച്ചിട്ട് നാട്ടിലെ സ്ത്രീകള്ക്ക് പുറത്തിറങ്ങി നടക്കാന് കഴിയുന്നില്ല. കോഴിയായ കോൺഗ്രസ് നേതാവ് സഭയിൽ കൂവണോ അതോ പുറത്തുനിന്ന് കൂവിയാൽ മതിയോ എന്നാണ് ചർച്ചയെന്നും മുരളീധരന് കൂട്ടിച്ചേർത്തു. കേസരി ലേഖനം താൻ വായിച്ചിട്ടില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് വി മുരളീധരന്റെ പ്രതികരണം.
മിഷണറിമാർ മതം മാറ്റുന്നവരാണെന്നും രാജ്യവിരുദ്ധരായി മാറുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാരികയിൽ പറയുന്നത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനാണ് ശ്രമം. ഭാഷയിലും സംസ്കാരത്തിലും അധിനിവേശമുണ്ടെന്നും വിഘടനപരമായ ചിന്തയെ വളർത്തി സായുധ ഭീകരവാദത്തിലേക്ക് ആളുകളെ മിഷണറിമാർ നയിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത ആവർത്തിക്കുന്നതാണ് ലേഖനമെന്ന് കെസി വേണുഗോപാല് പറഞ്ഞിരുന്നു.
ഓർഗനൈസറും കേസരിയും അച്ചടിക്കുന്നത് വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണ്. ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ആർഎസ്എസ് ഗൂഢലക്ഷ്യത്തെ തള്ളിക്കളയാൻ ബിജെപി തയ്യാറുണ്ടോയെന്നും കെസി വേണുഗോപാൽ ചോദിച്ചിരുന്നു. ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് 'ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ' എന്ന തലക്കെട്ടിൽ ആർഎസ്എസ് മുഖവാരിക കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനം. മതപരിവർത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കൽക്കൂടി നാട്ടിൽ വെറുപ്പ് പടർത്തി ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിൻ്റെ ക്രൈസ്തവ സ്നേഹം. ഛത്തീസ്ഗഡിൽ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകൾ മോചിതരായപ്പോൾ അവർക്കൊപ്പം പോയിനിന്ന് ഫോട്ടോയെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരുടെ യഥാർത്ഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്. ന്യൂനപക്ഷങ്ങൾക്കെതിരെ വിഷം തുപ്പി ശീലിച്ച ആർഎസ്എസിന്റെ ശീലം അവസാന ശ്വാസം വരെ തുടരുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇതേ നിലപാട് തന്നെയാണോ കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ കേറിനടക്കുന്ന ബിജെപിയുടേതെന്ന് അറിയാൻ താത്പര്യമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.ഇതിനുള്ള മറുപടിയുമായാണ് വി.മുരളീധരന് രംഗത്തെത്തിയത്.
Content Highlights: v muraleedharan against k c venugopal