കോഴിക്കോട്: പത്തുദിവസം മുന്പ് കോടഞ്ചേരിയില് നിന്ന് കാണാതായ ആദിവാസി ബാലനെ ഇനിയും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവിന് സമീപം ചുണ്ടക്കുന്ന് നാലുസെന്റ് ഉന്നതിയിലെ വിനീത്- സജിത ദമ്പതിമാരുടെ മകന് വിജിത്തി (14) നെയാണ് തിരുവോണനാളില് കാണാതായത്. കൂടത്തായി സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്ത്ഥിയാണ് വിജിത്.
തിരുവോണനാളില് രാവിലെ പതിനൊന്ന് മണിയോടെ വീട്ടില് നിന്നും കൂട്ടുകാര്ക്കൊപ്പം പോയ വിജിത് താമരശേരിയിലെ സിനിമാ തിയറ്ററിലും വൈകീട്ടോടെ ഈങ്ങാപ്പുഴയിലും പോയതായി കണ്ടെത്തിയിട്ടുണ്ട്. ആറുമണിയോടെ താമരശേരി ചുങ്കത്ത് എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ഓമശേരി ബസ് സ്റ്റാന്ഡ് പരിസരത്ത് കുട്ടി എത്തിയതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള് പൊലീസിന് ലഭിച്ചിരുന്നു. എന്നാല് ഇവിടെനിന്നും കുട്ടി എങ്ങോട്ടുപോയി എന്നതില് വ്യക്തതയില്ല.
ബസ് സ്റ്റാന്ഡുകളും റെയില്വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതല് വിവരങ്ങള് ലഭിച്ചില്ല. കാണാതാവുന്ന സമയത്ത് കുട്ടിയുടെ കയ്യില് കൂട്ടുകാര് നല്കിയ പതിനഞ്ച് രൂപ മാത്രമേ ഉണ്ടായിരുന്നുളളു എന്നാണ് വിവരം.
കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര് 7034409462 (വിജിത്തിന്റെ പിതാവ് വിനീത്) എന്ന നമ്പറില് ബന്ധപ്പെടണമെന്ന് അഭ്യര്ത്ഥന.
Content Highlights: The tribal boy who went missing from Kodancherry ten days ago has still not been found.