'പച്ചക്കളം പറയാന്‍ എങ്ങനെ സാധിക്കുന്നു'; കെ ടി ജലീലിലെ തള്ളി പി.കെ.ഫിറോസ്

'ഭൂമിയേറ്റെടുക്കാന്‍ സഹായിച്ചത് സി മമ്മൂട്ടിയാണെന്ന പച്ചക്കള്ളം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു'

കോഴിക്കോട്: മലയാളം സര്‍വകലാശാല ഭൂമിയേറ്റെടുക്കല്‍ വിഷയത്തെ തുടന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ കെ ടി ജലീലിനെ തള്ളി പി കെ ഫിറോസ്. പച്ചക്കളം പറയാന്‍ എങ്ങനെ സാധിക്കുന്നു എന്നായിരുന്നു കെ ടി ജലീലിനോട് ഫിറോസിന്റെ ചോദ്യം. യുഡിഎഫ് കാലത്ത് നടന്ന ക്രമക്കേടാണ് ഇത്. അതുകൊണ്ട് തന്നെ അക്കാര്യങ്ങളില്‍ ഉത്തരവാദി കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നും തനിക്ക് ഉത്തരവാദിത്വമില്ല എന്നുമാണ് ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ കെ ടി ജലീല്‍ വ്യക്തമാക്കിയതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

'ഇതിനെല്ലാം മറുപടി പറയേണ്ടത് സി മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നു. ഭൂമിയേറ്റെടുക്കാന്‍ സഹായിച്ചത് സി മമ്മൂട്ടിയാണെന്ന പച്ചക്കള്ളം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടക്കുന്നതായി ചൂണ്ടിക്കാണിച്ചുകൊണ്ട് സി മമ്മൂട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് എന്റെ കയ്യിലുള്ളത്' ഫിറോസ് പറഞ്ഞു.

പി കെ ഫിറോസ് റിവേഴ്സ് ഹവാലയാണ് നടത്തുന്നതെന്നതടക്കം ആരോപണങ്ങള്‍ കെടി ജലീല്‍ എംഎല്‍എ നേരത്തെ ഉന്നയിച്ചിരുന്നു. ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമി. പി കെ ഫിറോസിന് അത് നിഷേധിക്കാനാവില്ലെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ജലീല്‍ അവകാശപ്പെട്ടിരുന്നു.

ഉന്നാവോ, കത്വ പെണ്‍കുട്ടികളുടെ പേരില്‍ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചത്. ഫിറോസിന്റെ സ്ഥാപനം ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിന് രൂപ സര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗള്‍ഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ ബന്ധുനിയമനം കയ്യോടെ പിടികൂടിയതിലുള്ള അമര്‍ഷമാണ് ജലീലിനെന്നും ദാവൂദുമായി ബന്ധമുണ്ടെന്നേ ഇനി പറയാനുള്ളൂവെന്നുമായിരുന്നു ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രി ആയിരുന്ന ഘട്ടത്തിലെ അഴിമതി പുറത്ത് വരുന്നു എന്നറിഞ്ഞ വെപ്രാളത്തിലാണ് അദ്ദേഹം. തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന ഭീതിയാണ്. മനോനില തെറ്റിയ നിലയിലാണ് അദ്ദേഹമുള്ളത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. താന്‍ തൊഴിലും ബിസിനസും ചെയ്യുന്നുണ്ടെന്നും രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. കൊപ്പത്തെയും ഹൈലൈറ്റ് മാളിലേയും സ്ഥാപനത്തില്‍ പങ്കാളിത്തം ഉണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനിയും ബിസിനസുകള്‍ ഉണ്ടെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.

Content Highlight; PK Firos reaction against KT Jaleel

To advertise here,contact us