പത്തനംതിട്ട: എന്തിനാണ് ദമ്പതികള് തന്നെ മര്ദിച്ചതെന്ന് വ്യക്തമല്ലെന്ന് പത്തനംതിട്ടയില് മര്ദനത്തിന് ഇരയായ യുവാവ്. ജയേഷ് സഹപ്രവര്ത്തകനും സുഹൃത്തുമാണ്. അതിനാല് ജയേഷ് ഓണത്തിന് വീട്ടിലേക്ക് ക്ഷണിച്ചതിനെ തുടര്ന്നാണ് വീട്ടിലേക്ക് പോയതെന്നും യുവാവ് പറഞ്ഞു. റിപ്പോര്ട്ടറിനോട് സംസാരിക്കുകയായിരുന്നു യുവാവ്. രശ്മിയുമായി ലൈംഗിക ബന്ധമുണ്ട് എന്ന് സമ്മതിക്കാന് അവര് നിര്ബന്ധിച്ചിരുന്നുവെന്നും യുവാവ് പറഞ്ഞു.
യുവാവിന്റെ വാക്കുകള്
'ജയേഷും രശ്മിയും ഇടയ്ക്കിടെ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആളുകളാണ്. അതിനാല് ഓണത്തിന് വീട്ടിലേക്ക് ക്ഷണിച്ചതില് അസ്വാഭാവികതയൊന്നും തോന്നിയില്ല. അവിടെ എത്തിയപ്പോള് വീട്ടില് ആരും ഇല്ലായിരുന്നു. കോഴഞ്ചേരി വരെ ഞാന് എന്റെ വണ്ടിയില് പോയി അവിടെ നിന്ന് ജയേഷ് വന്ന് കൂട്ടുകയായിരുന്നു. സ്ഥലം കൃത്യമായി അറിയാത്തതിനാലാണ് ജയേഷ് വന്ന് കൂട്ടിയത്. വീട്ടിലേക്ക് പോകുന്നതിന് മുന്പ് ബാറില് പോയിരുന്നു ജയേഷ് അല്പം മദ്യപിച്ചു. ഭക്ഷണം കഴിച്ചിട്ട് എല്ലാവര്ക്കും കൂടി എന്റെ വീട്ടിലേക്ക് പോകാം എന്നായിരുന്നു ജയേഷ് പറഞ്ഞത്. എന്റെ അച്ഛന് വിളിച്ചപ്പോളും ജയേഷ് ഫോണെടുത്തിട്ട് ഒരുമിച്ച് വീട്ടിലേക്ക് വരാമെന്നാണ് പറഞ്ഞത്.
വീടിനകത്തേക്ക് കയറിയ ശേഷം ഞങ്ങള് വീട്ടുകാര്യങ്ങളും വിശേഷങ്ങളുമൊക്കെ സംസാരിക്കുകയായിരുന്നു. അതിനിടെ പെട്ടെന്നാണ് ജയേഷ് എന്റെ മുഖത്തേക്ക് പെപ്പര് സ്പ്രേ അടിക്കുന്നത്. അത് അപ്രതീക്ഷിതമായിരുന്നു, പെപ്പര് സ്്രേപ അടിച്ച ശേഷം കവിളും ചെവിയും ചേര്ത്ത് അടിച്ചു. അതോടെ പകുതി ബോധം നഷ്ടപ്പെടുകയും കണ്ണ് കാണാത്തത് പോലെ തോന്നുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ് കൈകള് കൂട്ടിക്കെട്ടി ഉത്തരത്തില് കെട്ടിത്തൂക്കുകയായിരുന്നു. പിന്നെയുള്ള മര്ദനം കെട്ടിയിട്ടിട്ട് ആയിരുന്നു. പെപ്പര് സ്്രേപ അടിക്കുകയും മര്ദിക്കുകയും ചെയ്തതിനാല് ഒരു തരത്തിലും പ്രതിരോധിക്കാന് കഴിയുന്ന അവസ്ഥയിലായിരുന്നില്ല.
രശ്മിയുമായി ലൈംഗിക ബന്ധമുണ്ട് എന്ന് സമ്മതിക്കാന് അവര് നിര്ബന്ധിച്ചിരുന്നു.ലൈംഗിക ബന്ധമുണ്ട് സെക്സ് ചാറ്റ് നടത്തിയിട്ടുണ്ട് എന്നായിരുന്നു രശ്മിയും പറഞ്ഞിരുന്നത്. സ്വന്തം ഭര്ത്താവിന്റെ മുന്നില് വച്ച് പോലും ഞങ്ങള് തമ്മില് ലൈംഗിക ബന്ധമുണ്ടായിരുന്നതായി രശ്മി പറഞ്ഞു. ഞങ്ങള് തമ്മില് സെക്സ് ചാറ്റ് നടത്തിയതിന്റെ തെളിവുകള് ജയേഷിന്റെ കയ്യില് ഉണ്ടെന്നും ജയേഷ് ഇടയ്ക്കിടെ പറഞ്ഞിരുന്നു. രശ്മി എപ്പോഴും വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്ന ആളാണ്. എന്നാല് സെക്സ് ചാറ്റ് നടത്തിയിട്ടില്ല.
വീടിന്റെ ഉത്തരത്തില് വലിച്ച് തൂക്കിനിര്ത്തി മര്ദിച്ചു. അഞ്ച് വിരലിലും മൊട്ടുസൂചി കയറ്റി. രശ്മിയുമായി ലൈംഗിക ബന്ധം ഉണ്ടെന്ന് സമ്മതിക്കണം എന്ന് പറഞ്ഞു. സര്ജിക്കല്ബ്ലേഡ് കഴുത്തില് വച്ച് ഭീഷണിപ്പെടുത്തി. അതോടെ വീഡിയോ എടുക്കാന് നിന്നുകൊടുത്തു. ജിമ്മിലുപയോഗിക്കുന്ന കമ്പിവടി ഉപയോഗിച്ച് മര്ദിച്ചു. മര്ദിക്കുന്ന വീഡിയോ എടുത്തത് രശ്മിയാണ്. മുറിവില് പെപ്പര് സ്േ്രപ അടിച്ചു. ചോര വരുന്നത് കണ്ട് രസിക്കുകയായിരുന്നു.
സമാനമായ രീതിയില് പലരേയും ആക്രമിച്ചിട്ടുണ്ട്. മറ്റൊരാളെ അടുത്ത ദിവസം എത്തിക്കുമെന്ന് പറഞ്ഞു. പുറത്തുപറഞ്ഞാല് കൊല്ലുമെന്നും മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ജയേഷല്ലാത്ത മറ്റൊരു വ്യക്തിയെയാണ് അന്ന് കണ്ടത്. ജയേഷ് ജോലി സ്ഥലത്ത് ബാധ കയറിയ പോലെ പെരുമാറിയിട്ടുണ്ട്. ഉപദ്രവിച്ചതിന് ശേഷം വഴിയരികില് ഉപേക്ഷിക്കുകയായിരുന്നു. രണ്ടുപേരും കൂടിയാണ് പാലത്തിന് അടിയില് കൊണ്ടിട്ടത്. ആക്സിഡന്റ് ആണെന്നേ പറയാവൂ എന്നും അവര് ഭീഷണിപ്പെടുത്തി.
ജയേഷിന്റെ നിര്ദേശപ്രകാരമാണ് എല്ലാം ചെയ്തത്. എന്തിനാണ് ചെയ്തത് എന്ന് വ്യക്തമല്ല. ആശുപത്രിയില് നിന്നാണ് പൊലീസില് വിവരമറിയിക്കുന്നത്. മറ്റൊരു യുവതിയുമായി ബന്ധമുണ്ട്. അത് തകര്ക്കാനാണോ ഇങ്ങനെ പെരുമാറിയത് എന്ന് സംശയമുണ്ട്. ആദ്യം മൊഴി മാറ്റി പറഞ്ഞത് ഭയന്നിട്ടാണ്. കാമുകിയുടെ വീട്ടുകാര് ചെയ്തതാണെന്നാണ് ആദ്യം മൊഴി നല്കിയത്.' യുവാവ് പറയുന്നു.
യുവാവിനെ മര്ദിച്ച സംഭവത്തില് പ്രതികളായ ജയേഷും രശ്മിയെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തില് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ആഭിചാര ക്രിയ നടന്നതായും സംശയമുണ്ട്. കഴിഞ്ഞ തിരുവോണത്തിനാണ് യുവാവിന് യുവ ദമ്പതികളിൽ നിന്ന് ക്രൂര മർദനം ഏൽക്കേണ്ടി വന്നത്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള യുവാവിന് പുറമെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള മറ്റൊരു യുവാവിനും സമാന അനുഭവം നേരിട്ടിരുന്നു. സംഭവത്തിൽ ആലപ്പുഴ സ്വദേശി കേസ് കൊടുക്കാൻ തയ്യാറായിട്ടില്ല.
Content Highlights: Pathanamthitta Kozhanchery Brutal Assault: Young Man Opens Up About Brutal Torture