'ഞാൻ പോലും കാണാത്ത കലക്ടറുടെ ആ റിപ്പോർട്ട് കാണിച്ചാണ് ജലീൽ തുള്ളിച്ചാടുന്നത്'; സർവകലാശാല വിവാദത്തിൽ അബ്ദുറബ്ബ്

ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജലീലിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ തന്നെ തള്ളിക്കളയുകയാണെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

മലപ്പുറം: മുന്‍ മന്ത്രി കെ ടി ജലീല്‍ ഉന്നയിച്ച മലയാളസര്‍വകലാശാലയുടെ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജലീലിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ തന്നെ തള്ളിക്കളയുകയാണെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

'മലയാളസര്‍വകലാശാലയ്ക്കുള്ള സ്ഥലമെടുപ്പ് രണ്ടാഴ്ചയ്ക്കുള്ളില്‍' നടക്കുമെന്ന കെ ടി ജലീല്‍ 2019ല്‍ പങ്കുവെച്ച പത്രവാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത്. 2016 ഫെബ്രുവരിയില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭൂവുടമകള്‍ വില കൂട്ടി ചോദിച്ചുവെന്നും, ഏറെ സമയത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഭൂവുടമകളുടെ കൂടെ സമ്മതത്തോടെ കലക്ടര്‍ അന്തിമ തീരുമാനത്തിലെത്തി എന്നും ജലീല്‍ ഷെയര്‍ ചെയ്ത മിനുട്ട്‌സില്‍ കാണുന്നുവെന്നും എന്നാല്‍ ആ മിനുട്ട്‌സില്‍ ഭൂവുടമകളായി ആരൊക്കെ പങ്കെടുത്തുവെന്ന് ജലീല്‍ പറയുന്നില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.

2016 മാര്‍ച്ചോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ആ യോഗത്തിന്റെ റിപ്പോര്‍ട്ട് അന്നത്തെ കലക്ടര്‍ സംസ്ഥാന സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നത് 2016 ജൂണിലുമാണ്. അപ്പോഴേക്കും കേരളത്തില്‍ ഭരണം മാറി എല്‍ഡിഎഫ് അധികാരത്തില്‍ വരികയും ചെയ്തു. ഞാന്‍ പോലും കാണാത്ത കലക്ടറുടെ ആ റിപ്പോര്‍ട്ട് കാണിച്ചാണ് ജലീല്‍ ഇന്ന് തുള്ളിച്ചാടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2016 ഡിസംബറിലെ ഭൂവുടമകളില്‍ നിന്നല്ല, 2019ല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജലീല്‍ മലയാളം സര്‍വ്വകലാശാലക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത് എന്ന് വ്യക്തമാണെന്നും ഇതിനിടയില്‍ നടന്ന എല്ലാ അവിഹിത ഇടപെടലുകളും, തിരൂര്‍ കേന്ദ്രീകരിച്ച് ഭൂമാഫിയ നടത്തിയ രഹസ്യവും പരസ്യവുമായ എല്ലാ നീക്കങ്ങളും ജലീല്‍ അറിയാതെയാണോയെന്നും അബ്ദുറബ്ബ് ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2016 ഫ്രെബ്രുവരി 17നാണ് ഭൂമി ഏറ്റെടുത്തതെന്ന കെ ടി ജലീലിന്റെ ആരോപണത്തിനാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് മറുപടിയുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു നുണ തെളിയിക്കാന്‍ ആയിരം നുണ പറയുന്ന വളാഞ്ചേരിയിലെ ഗീബല്‍സ് ഒരു കാര്യമോര്‍ക്കണം, എന്തെങ്കിലും പറഞ്ഞു പോയാല്‍ അത് സത്യമാണോ, കളവാണോ എന്നറിയാന്‍ ഏറെ സമയമൊന്നും വേണ്ടി വരാത്ത എഐ കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. 2016ല്‍ ഞാന്‍ മന്ത്രിയായ കാലത്ത് സ്ഥലം ഏറ്റെടുത്തു എന്ന് ജലീല്‍ പറഞ്ഞ മലയാളം സര്‍വ്വകലാശാലക്ക്, 2019 ജൂലൈ 3ന് രണ്ടാഴ്ചക്കകം സ്ഥലമേറ്റെടുക്കുമെന്ന് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീല്‍ തന്നെ പറയുന്ന ഒരു പത്രവാര്‍ത്ത; ജലീല്‍ തന്നെ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തതും ഇവിടെ കാണാം.

അതായത് ജലീല്‍ ഇന്നുയര്‍ത്തുന്ന പല ആരോപണങ്ങള്‍ക്കും മറുപടി പറയുന്നത് പഴയ ജലീലും, പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റുകളുമാണ്.

ജലീലിന് മറുപടി ജലീല്‍ തന്നെ! 2016 ഫെബ്രുവരിയില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭൂവുടമകള്‍ വില കൂട്ടി ചോദിച്ചുവെന്നും, ഏറെ സമയത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഭൂവുടമകളുടെ കൂടെ സമ്മതത്തോടെ കലക്ടര്‍ അന്തിമ തീരുമാനത്തിലെത്തി എന്നും ജലീല്‍ ഷെയര്‍ ചെയ്ത മിനുട്ട്‌സില്‍ കാണുന്നു.

എന്നാല്‍ ആ മിനുട്ട്‌സില്‍ ഭൂവുടമകളായി ആരൊക്കെ പങ്കെടുത്തുവെന്ന് ജലീല്‍ പറയുന്നുമില്ല.

2016 മാര്‍ച്ചോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ആ യോഗത്തിന്റെ റിപ്പോര്‍ട്ട് അന്നത്തെ കലക്ടര്‍ സംസ്ഥാന സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നത് 2016 ജൂണിലുമാണ്. അപ്പോഴേക്കും കേരളത്തില്‍ ഭരണം മാറി എല്‍ഡിഎഫ് അധികാരത്തില്‍ വരികയും ചെയ്തു. ഞാന്‍ പോലും കാണാത്ത കലക്ടറുടെ ആ റിപ്പോര്‍ട്ട് കാണിച്ചാണ് ജലീല്‍ ഇന്ന് തുള്ളിച്ചാടുന്നത്. എന്നാല്‍ ജലീല്‍ ഊറ്റം കൊള്ളുന്ന 2016 ഫെബ്രുവരിയിലെ കലക്ടറുടെ വില നിര്‍ണ്ണയ യോഗത്തിന്റെ മാസങ്ങള്‍ക്കു ശേഷം ഡിസംബറില്‍, മലയാളസര്‍വ്വകലാശാലയുടെ നിര്‍ദ്ദിഷ്ട ഭൂമി ആരുടെ കൈവശമായിരുന്നു എന്നതിന് സര്‍ക്കാര്‍ തന്നെ നല്‍കിയ വിവരാവകാശ രേഖകളാണ് ഇവിടെ കൊടുത്തിട്ടുള്ളത്..

ഈ രേഖയില്‍ പറഞ്ഞ ഭൂവുടമകളല്ല 2017 ജൂണിലും കലക്ടര്‍ വിളിച്ച് ചേര്‍ത്ത വില നിര്‍ണ്ണയ യോഗത്തില്‍ പങ്കെടുത്തിട്ടുള്ളത് എന്ന് ഇതിന്റെ കൂടെയുള്ള മിനുട്ട്‌സ് നോക്കിയാല്‍ മനസ്സിലാവും. 2016 ഡിസംബറിലെ ഭൂവുടമകളില്‍ നിന്നല്ല, 2019ല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജലീല്‍ മലയാളം സര്‍വ്വകലാശാലക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത് എന്നു വ്യക്തം. ഇതിനിടയില്‍ നടന്ന എല്ലാ അവിഹിത ഇടപെടലുകളും, തിരൂര്‍ കേന്ദ്രീകരിച്ച് ഭൂമാഫിയ നടത്തിയ രഹസ്യവും പരസ്യവുമായ എല്ലാ നീക്കങ്ങളും ജലീല്‍ അറിയാതെയാണോ?

കാരണം കലക്ടര്‍ വിളിക്കുന്ന വില നിര്‍ണ്ണയ യോഗങ്ങളില്‍ സ്ഥിരം പങ്കെടുത്തിരുന്നവര്‍ ചില്ലറക്കാരല്ല, അവര്‍ക്ക് ജലീലിനെയറിയാം, ജലീലിന് അവരെയുമറിയാം..! ഇതൊന്നും മായമല്ല, മന്ത്രമല്ല, മായാജാലമല്ല.. ഈ അവിഹിത ഇടപെടലുകളൊന്നും പെട്ടന്നുണ്ടായതുമല്ല…!ഇതിനെ ന്യായീകരിക്കാനാണ് ജലീല്‍ ഇങ്ങനെ നിരന്തരം പത്ര സമ്മേളനങ്ങള്‍ നടത്തി വെപ്രാളപ്പെടുന്നത്.

മായാവിയുടെയും, കുട്ടൂസന്റെയും, ശിക്കാരി ശംഭുവിന്റെയും കഥ പോലെയല്ല, ചതുപ്പ് നിറഞ്ഞ, കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഭൂമിയുടെ വില…മൂവായിരത്തില്‍ നിന്നും… മുപ്പത്തയ്യായിരത്തില്‍ നിന്നും…ലുട്ടാപ്പി കുന്തത്തില്‍ പോവുന്ന പോലെ കുത്തനെ മേല്‍പ്പോട്ട്… 160000 ത്തിലെത്തിച്ചആ ശക്തിമരുന്ന് എന്താണ്? 2016 ഡിസംബറിലെ ഭൂവുടമകളുടെ പേരും, തലയുമൊക്കെ 2019 ആയപ്പോഴേക്കും മാറ്റിയെടുത്ത ആ അത്ഭുതബസിദ്ധി എന്താണ്? പറഞ്ഞിട്ട് പോയാല്‍ മതി ജലീലേ…!

Content Highlights: P K Abdurabb against K T Jaleel on Malayalam Univeristy controversy

To advertise here,contact us