കൽപറ്റ: മണ്ഡലത്തിൽ ഉണ്ടായിട്ടും ജീവനൊടുക്കിയ ജോസ് നെല്ലേടത്തിന്റെ വീട്ടിലേക്ക് പ്രിയങ്കാ ഗാന്ധി തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. ഡൽഹിയിൽ നിന്നും വരേണ്ട കാര്യമില്ലായിരുന്നു. പ്രിയങ്കാ ഗാന്ധിയെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വിലക്കി. എൻ എം വിജയന്റെ കുടുംബത്തിന്റെ പരാതി കേൾക്കാൻ പ്രിയങ്കാ ഗാന്ധി തയ്യാറായില്ല. സഹായിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയാൽ കുടുംബത്തെ സഹായിക്കാൻ സിപിഐഎം തയ്യാറാണ്. ഇക്കാര്യങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എൻ എം വിജയന്റെ കുടുംബം സിപിഐഎം നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്. വഞ്ചന തിരുവഞ്ചൂർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കോൺഗ്രസിനെ ഇനി വിശ്വസിക്കില്ലെന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് എൻ എം വിജയന്റെ മരുമകൾ ഉന്നയിച്ചത്. വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എൻഎം വിജയനെ ചതിക്കുകയാണ് ചെയ്തതെന്ന് പത്മജ പറഞ്ഞു. എൻഡി അപ്പച്ചന് നാണമില്ലെന്നും പൊലീസ് അപ്പച്ചനെ പ്രതിയാക്കിയത് വെറുതെയല്ലെന്നും അവർ പറഞ്ഞു. തന്റെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. കോൺഗ്രസ് പാർട്ടി മൂലമാണ് കുടുംബം ഈ നിലയിലായത്. കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. ലോണെടുത്തത് എൻ എം വിജയൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 22 പേരുടെ നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ച പണം നേതാക്കൾ പങ്കിട്ടെടുത്തുവെന്നും മുഴുവൻ ബാധ്യതകളും തന്റെ തലയിലാണെന്നും അവർ പറഞ്ഞു.
ലഭിച്ച പണത്തിൽ നിന്ന് ചില ബാധ്യതകൾ തീർത്തിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി. ആശുപത്രി ബില്ല് ഇതുവരെ അടച്ചിട്ടില്ല. രണ്ടുദിവസം മുമ്പ് വരെ കോഴിക്കോട്ടെ ആശുപത്രിയിൽ നിന്ന് ബില്ലടയ്ക്കാൻ വിളിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പ്രശ്നമുണ്ടായപ്പോൾ മാത്രമാണ് പണം നൽകാമെന്ന് സിദ്ദിഖ് പറഞ്ഞത്. നിവൃത്തികേട് കൊണ്ടാണ് താൻ പ്രതികരിക്കുന്നത്. കരാർ സംബന്ധിച്ച വ്യക്തത കോൺഗ്രസ് പാർട്ടിക്ക് ഇല്ല. പട്ടയം ലഭിച്ചാൽ ഭൂമി വിറ്റ് കടം വീട്ടാനായിരുന്നു ശ്രമം. എഗ്രിമെന്റ് മുക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നേതാക്കൾ നടത്തിയതെന്നും പത്മജ ആരോപിച്ചു.
കഴിഞ്ഞ ദിവസം പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പുൽപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു പത്മജ ജീവനൊടുക്കാൻ ശ്രമം നടത്തിയത്. 'കൊലയാളി കോൺഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.
Content Highlights: mv jayarajan against priyanka gandhi